ayodhya

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി.

ഹിന്ദു കലണ്ടർ പ്രകാരം പൗഷ മാസത്തിൽ മതചടങ്ങുകൾ അഭികാമ്യമല്ല. ക്ഷേത്ര നിർമ്മാണം തുടരുന്നതിനാൽ 22ലെ ചടങ്ങ് സനാതന പാരമ്പര്യവുമായി പൊരുത്തപ്പെടാത്തതാണ്. ശങ്കരാചാര്യന്മാരുടെ എതിർപ്പും ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പി നടത്തുന്ന പരിപാടിയാണെന്നും ഹർജിയിൽ പറയുന്നു.

ക്ഷണിച്ചാലും പോകില്ലെന്ന് ജ്യോതിർ മഠാധിപതി

ചടങ്ങ് ശാസ്ത്ര വിധികൾക്ക് വിരുദ്ധമാണെന്ന കടുത്ത നിലപാടിൽ ഉറച്ചുനിന്ന് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ടീയമായി ചിന്തിക്കുന്ന ഹിന്ദുക്കൾ മാത്രമാണ് സന്തുഷ്ടർ. തന്നെ ഇതുവരെയും ചടങ്ങിന് ക്ഷണിച്ചിട്ടില്ല. അതെന്തു കൊണ്ടാണെന്ന് ക്ഷേത്ര ട്രസ്റ്രിനോടാണ് ചോദിക്കേണ്ടത്. ക്ഷണിച്ചാലും പോകില്ല എന്നും മഠാധിപതി വ്യക്തമാക്കി.