
ന്യൂഡൽഹി: കന്നി വോട്ടർമാർക്കും വനിതാ വോട്ടർമാർക്കും മുൻഗണന നൽകുന്ന പ്രചാരണ രൂപരേഖയുമായി ബി.ജെ.പി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ഏപ്രിൽ-മേയ് മാസങ്ങളിലാവും ഇലക്ഷൻ. 2019ൽ സീറ്റ് കുറഞ്ഞ സംസ്ഥാനങ്ങളും അക്കൗണ്ട് തുറക്കാത്ത ദക്ഷിണേന്ത്യ ഉന്നമിട്ടുമാണ് രൂപരേഖ. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ വിളിച്ച 300ഓളം നേതാക്കളുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂപരേഖ വിശദീകരിച്ചു.
കേരളത്തിനും തമിഴ്നാടിനും പ്രത്യേക ഊന്നൽ നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ഇതിന്റെ ഭാഗമാണ്. മോദി തമിഴ്നാട്ടിൽ വീണ്ടും പോകും. ബീഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പരിപാടികൾ നടത്തും. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ക്ലസ്റ്റർ ചുമതലയുള്ള നേതാക്കളുമായി നദ്ദ ചർച്ച നടത്തി. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും പങ്കെടുത്തു.
146 ക്ലസ്റ്ററുകൾ
543 ലോക്സഭാ സീറ്റുകളെ 146 ക്ലസ്റ്ററുകളായി വിഭജിച്ചു
3-4 സീറ്റുകളുള്ള ഉപ ക്ളസ്റ്ററുകളുടെ ചുമതല മുതിർന്ന നേതാവിന്
കേരളമടക്കം ദുർബലമായ 240 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ
മുൻഗണന കന്നി വോട്ടർമാർക്കും വനിതാ വോട്ടർമാർക്കും
സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, ഒ.ബി.സി, പട്ടിക ജാതി, പട്ടിക വർഗം, യുവാക്കൾ
എന്നിവരിലേക്ക് എങ്ങനെ എത്തണമെന്ന് നിർദ്ദേശിക്കും
രാമക്ഷേത്ര പ്രതിഷ്ഠ, ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് മുൻതൂക്കം
മറ്റ് പാർട്ടികളിലെ ജനസമ്മതിയുള്ള നേതാക്കളെ ബി.ജെ.പിയിൽ എത്തിക്കും
ഗ്രാമങ്ങളിലെ പ്രചാരണവുമായി നേതാക്കളുടെ 'ഗാവ് ചലോ" പരിപാടി