
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര
നാഗാലാൻഡിൽ രണ്ടു ദിവസത്തെ പര്യടനം പൂർത്തിയാക്കി. 2015ലെ നാഗാ കരാർ നടപ്പാക്കുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്ന് ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെങ്കിൽ വെറുതെ മോഹിപ്പിക്കരുത്. ഉറപ്പ് പാലിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. നാഗാ ജനതയുടെ പ്രശ്‌നങ്ങൾ ഗൗരവമുള്ളതാണ്. ജനങ്ങളുടെ സത്യസന്ധതയെയും ലാളിത്യത്തെയും പ്രശംസിച്ച രാഹുൽ വീണ്ടും വരുമെന്നും പറഞ്ഞു.
യാത്ര ഇന്ന് അസാമിൽ പ്രവേശിക്കും. സംസ്ഥാനത്ത് എട്ടു ദിവസം 17 ജില്ലകളിലൂടെ 833 കിലോമീറ്റർ സഞ്ചരിക്കും.
നാഗാലാൻഡ് അതിർത്തിയിലെ ഹാലുവാതിംഗിൽ നിന്നാണ് പര്യടനം തുടങ്ങുക. ഇന്ന് ശിവസാഗർ ജില്ലയിലെ അംഗുരിയിലും ജോർഹട്ട് ജില്ലയിലെ മരിയാനിയിലും രണ്ട് റോഡ് ഷോകൾ നടത്തും.
മണിപ്പൂരിനെ വിഭജിച്ചു
ബി.ജെ.പിയുടെ രാഷ്‌ട്രീയം മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാത്തതിൽ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജ തോന്നുന്നു. ഈ രാഷ്ട്രീയത്തിനെതിരെയാണ് യാത്ര എന്നും രാഹുൽ പറഞ്ഞു