congress

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനുമായ പി ചിദംബരം പറഞ്ഞു.

നിർദ്ദേശങ്ങൾ "awaazbharatki@inc.in" എന്ന ഇമെയിൽ അയയ്‌ക്കാം. അല്ലെങ്കിൽ 'awaazbharatki.in' എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.

പ്രകടനപത്രികയ്‌ക്കായി മാനിഫെസ്റ്റോ കമ്മിറ്റി എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങളുമായി കൂടിയാലോചനകൾ നടത്തും.പ്രകടന പത്രിക ഫെബ്രുവരി 15 നകം പൂർത്തിയാക്കി പ്രവർത്തക സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും പി. ചിദംബരം അറിയിച്ചു.

ഗിരിധർ ധമാംഗ്

വീണ്ടും കോൺഗ്രസിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയിലെ പ്രമുഖ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഗിരിധർ ഗമാംഗ് ഭാര്യയ്‌ക്കും മകനുമൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി. 2015ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലും 2023 ജനുവരിയിൽ ബി.ആർ.എസിലും ചേർന്നിരുന്നു. 80കാരനായ ധമാംഗ്, ഭാര്യയും മുൻ എംപിയുമായ ഹേമ ഗമാംഗ്, മകൻ ശിശിർ ഗമാംഗ്, മുൻ എംപി സഞ്ജയ് ഭോയ് എന്നിവരെ കോൺഗ്രസ് ആസ്ഥാനത്ത് എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ സ്വാഗതം ചെയ്‌തു. ഒഡീഷ ചുമതലയുള്ള ഡോ. അജോയ് കുമാറും ചടങ്ങിൽ പങ്കെടുത്തു.

1972 നും 2004 നും ഇടയിൽ ഒമ്പത് തവണ കോരാപുട്ട് ലോക്‌സഭാ മണ്ഡലത്തിൽ എംപിയായിരുന്നു ധമാംഗ്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു സർക്കാരുകളിൽ 11 തവണ കേന്ദ്രമന്ത്രിയായി. 1999 ഫെബ്രുവരി 18 ന് ഒഡീഷ മുഖ്യമന്ത്രിയായെങ്കിലും ചുഴലിക്കാറ്റിൽ 10,000 പേർ മരിച്ച സംഭവത്തെ തുടർന്ന് അക്കൊല്ലം ഡിസംബർ 6ന് രാജിവയ്‌ക്കേണ്ടി വന്നു.