bilkis

ന്യൂഡൽഹി :ബിൽക്കീസ് ബാനു കേസിലെ കുറ്രവാളികൾ ജയിലിൽ കീഴടങ്ങാൻ സമയം തേടി സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. കീഴടങ്ങാനുള്ള സമയപരിധി ജനുവരി 21ന് അവസാനിക്കുന്നതിനാൽ അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് ഇന്നലെ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ കോടതിയിൽ ആവശ്യപ്പെട്ടു. താനും ജസ്റ്റിസ് ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ചിന്റെ വിധിയായതിനാൽ അദ്ദേഹത്തെ ഉൾപ്പെടുത്തി ബെഞ്ച് രൂപീകരിക്കണമെന്ന് ബി.വി. നാഗരത്ന വ്യക്തമാക്കി. ഇതിനായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അനുമതി തേടാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗോവിന്ദ് ഭായ് നയ്, മിതേഷ് ചിമൻലാൽ ഭട്ട്, രമേഷ് രൂപാഭായ് ചന്ദന എന്നീ കുറ്റവാളികളാണ് ഹർജിക്കാർ. ആകെയുള്ള 11 കുറ്റവാളികളിൽ കൂടുതൽ പേർ ഇതേ ആവശ്യവുമായി ഹർജി സമർപ്പിച്ചേക്കും. ഗുജറാത്തിലെ രൺദിക്പുർ, സിംഗ്‌വാഡ് ഗ്രാമങ്ങളിൽ താമസിക്കുന്നവരാണിവർ. ആരോഗ്യപ്രശ്നം, മാതാപിതാക്കളെ ശുശ്രൂഷിക്കൽ തുടങ്ങിയ കാരണങ്ങൾ കാട്ടി നാലാഴ്ച്ചയാണ് ഗോവിന്ദ് ഭായ് നയ് ആവശ്യപ്പെട്ടത്. ആറാഴ്ച്ച ആവശ്യപ്പെട്ട മിതേഷ് ചിമൻലാൽ ഭട്ട്, വിളവെടുപ്പ് കാലമാണെന്ന ന്യായം നിരത്തി. മകന്റെ വിവാഹമാണ് രമേഷ് രൂപാഭായ് ചന്ദന പറയുന്നത്. ആറാഴ്ച്ച തേടി.

11 കുറ്റവാളികളെയും ശിക്ഷായിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി രൂക്ഷമായ വിമർശനത്തോടെയാണ് ജനുവരി എട്ടിന് സുപ്രീംകോടതി റദ്ദാക്കിയത്. കുറ്റവാളികൾ രണ്ടാഴ്ച്ചയ്ക്കകം ജയിലിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടു. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും, മൂന്നര വയസുള്ള കുഞ്ഞിനെ അടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികൾക്ക് ജീവപര്യന്തം കഠിനതടവായിരുന്നു ശിക്ഷ.