
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് അസാമിലെത്തി. വൻ ജനാവലി പ്രൗഢഗംഭീരമായ സ്വീകരണം നൽകി. സംസ്ഥാനത്ത് എട്ടു ദിവസം നീണ്ടു നിൽക്കുന്ന പര്യടനം എളുപ്പമാകില്ലെന്ന സൂചന നൽകി അസാമിലെ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ രാഹുലിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ചു. തലസ്ഥാനമായ ഗുവാഹത്തിയിൽ യാത്ര അനുവദിക്കില്ലെന്നും ലംഘിച്ചാൽ നിയമ നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് സംസ്ഥാനത്തേതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. വിവിധ ജാതി മതസ്ഥരെ തമ്മിലടിപ്പിക്കുന്നതാണ് അവരുടെ പ്രത്യയശാസ്‌ത്രം. പരസ്പരം പോരടിപ്പിക്കുന്നതിനൊപ്പം സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നു.
ആശുപത്രികളും സ്‌കൂളുകളുമുള്ള ഗുവഹത്തി നഗരത്തിനുള്ളിൽ യാത്രയ്‌ക്ക് അനുമതി നൽകാനാകില്ലെന്ന ഉറച്ച നിലപാടിലാണ്
സംസ്ഥാന സർക്കാർ.ഭാരത് ജോഡോ ന്യായ് യാത്ര മുസ്ളിം പ്രദേശങ്ങൾ മാത്രം സന്ദർശിക്കുന്ന ‘മിയ യാത്ര’ ആണെന്ന് ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു(ബംഗ്ലാദേശിൽ നിന്ന് അസാമിലേക്ക് കുടിയേറിയ മുസ്ലീങ്ങൾ- മിയാസ്).യാത്രയെ പരാജയപ്പെടുത്താൻ ഹിമന്ത സർക്കാർ ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
നീതി തേടി അങ്കിത
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ബി.വി ശ്രീനിവാസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പുറത്താക്കപ്പെട്ട അങ്കിത ദത്ത നീതി തേടി ഭാരത് ജോഡോ ന്യായ യാത്രയിൽ. രാഹുൽ ഗാന്ധിയുടെ യാത്ര അസാമിലെത്തിയപ്പോളാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷയുടെ രംഗപ്രവേശം. ഇത് യാത്ര കലക്കാൻ ബി.ജെ.പി നടത്തുന്ന നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആറു വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയ നടപടി നീതി നിഷേധമാണെന്ന് അങ്കിത പറഞ്ഞു. ഇക്കാര്യം രാഹുലിനെ അറിയിക്കുകയാണ് ലക്ഷ്യം. പാർട്ടി വിട്ട് പലരും പുറത്തുവരുന്നു. 10 മാസമായി താൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. തനിക്ക് നീതി വേണം. അത് ന്യായ് യാത്രയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ അവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞു. ശ്രീനിവാസിനെതിരെ പരാതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് അസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടപടിയെടുത്തത്.