
രാമക്ഷേത്രത്തിന് അനുമതി നൽകിയ സുപ്രീംകോടതി ജഡ്ജിമാർക്ക് ക്ഷണം
അയോദ്ധ്യ : രാംലല്ല മൂർത്തിയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച്ച നടക്കാനിരിക്കെ, അയോദ്ധ്യ ഭക്തിസാന്ദ്രമായ ഉത്സവാന്തരീക്ഷത്തിൽ. ആയിരക്കണക്കിന് ഭക്തർ ജയ് ശ്രീറാം, ജയ് സിയാറാം (സീതാമേതനായ രാമൻ) മുഴക്കി നിരത്തുകളിലൂടെ നീങ്ങുന്നു. പ്രായമേറിയവരും സ്ത്രീകളും കുട്ടികളും തെരുവുകളിൽ രാമമന്ത്രം ഉരുവിടുന്നു. ഹനുമാൻ വേഷധാരികളെ പലയിടത്തും കണ്ടു. കൊടിതോരണങ്ങൾ കെട്ടി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ് തെരുവുകൾ. രാത്രിയിൽ വൈദ്യുത ദീപാലങ്കാരമാണ് എങ്ങും. അയോദ്ധ്യ നഗരം വെളിച്ചത്തിൽ ജ്വലിച്ച് നിൽക്കുന്നു. ഭജനുകൾ ഉച്ചത്തിൽ വച്ചിരിക്കുകയാണ്. അയോദ്ധ്യയിലെ ഓരോ അണുവിലും രാമനെ ദർശിക്കുകയാണെന്ന് ഭക്തർ കേരള കൗമുദിയോട് പറഞ്ഞു.
രാംലല്ലയുടെ ചിത്രം വൈറലായി
ഗർഭഗൃഹത്തിൽ (ശ്രീകോവിൽ) സ്ഥാപിച്ച 51 ഇഞ്ച് പൊക്കമുള്ള രാംലല്ല മൂർത്തിയുടെ ചിത്രം പുറത്തുവന്നു. മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് കൊത്തിയ കൃഷ്ണശിലാ വിഗ്രഹമാണിത്. അഞ്ച് വയസുകാരന്റെ ഓമനത്തവും തേജസുമുണ്ടെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വിലയിരുത്തിയ ശിൽപ്പം രഹസ്യ വോട്ടിലൂടെയാണ് തിരഞ്ഞെടുത്തത്. ശിൽപ്പത്തിന്റെ ഇടതുകൈയിൽ വില്ലും, വലതുകൈയിൽ അമ്പും കാണാം. ഓം, ചക്രം, ഗദ, സ്വസ്തിക് രൂപങ്ങൾ അലങ്കാരമായി ശിൽപ്പത്തിന് ചുറ്റുമുണ്ട്. ചിത്രം പുറത്തുവന്നയുടൻ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇന്നലെ നവഗ്രഹ പൂജ നടന്നു. സരയൂ നദിയിലെ ജലം കൊണ്ട് ഗർഭഗൃഹം ഇന്ന് കഴുകി വൃത്തിയാക്കും.
യോഗി അയോദ്ധ്യയിൽ ; ജഡ്ജിമാർക്ക് ക്ഷണം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ രാമക്ഷേത്രം സന്ദർശിച്ച് പ്രാണപ്രതിഷ്ഠയുടെ ഒരുക്കങ്ങളും സുരക്ഷയും അവലോകനം ചെയ്തു. രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗൊയ്, എസ്.എ. ബോബ്ഡെ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, റിട്ടയേഡ് ജഡ്ജിമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു. രഞ്ജൻ ഗൊഗൊയ് ഇപ്പോൾ രാജ്യസഭാ എം.പിയും, അബ്ദുൾ നസീർ ആന്ധ്രപ്രദേശ് ഗവർണറുമാണ്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ റെയിൽവേ സ്റ്റേഷനുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. രാജ്യമൊട്ടാകെ 9000 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. മഹാരാഷ്‌ട്രയിൽ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.
ഖാലിസ്ഥാൻ ബന്ധമുള്ളവർ അറസ്റ്റിൽ
അയോദ്ധ്യയിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മൂന്നു രാജസ്ഥാൻ സ്വദേശികളെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്രിസുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് പറയുന്നത്.
പ്രാണപ്രതിഷ്ഠ എന്നാൽ...
അമ്പലപ്പുഴ രാജഗോപാൽ
തടിയിലോ കല്ലിലോ ലോഹത്തിലോ നിർമ്മിച്ച് ക്ഷേത്രത്തിലെത്തുന്ന വിഗ്രഹത്തിലേയ്ക്ക് ദേവചൈതന്യത്തെ ആവാഹിച്ച് ശക്തിപൂർണ്ണമാക്കുന്ന പൂജാവിധാനമാണ് പ്രാണപ്രതിഷ്ഠ. ക്ഷേത്രങ്ങളിൽ ദേവതാരൂപങ്ങൾ പ്രതിഷ്ഠിക്കപ്പെടുന്നു. നാമരൂപ സമ്പൂർണ്ണമായ ദേവരൂപങ്ങളെയാണ് ഇങ്ങനെ പ്രതിഷ്ഠിക്കുന്നത്. ബഹുഭാവനാപൂർണ്ണമായ വ്യത്യസ്ത ദേവതകളുടെ ശാരീരിക രൂപത്തെയാണ് നാം ഇങ്ങനെ ഉപാസിയ്ക്കുക. പ്രകൃതിപുരുഷാത്മകമായ ഭാവത്തിലാണ് പീഠത്തെയും ബിംബത്തെയും കാണുന്നത്.
അതായത് പ്രകൃതിയെന്നുവച്ചാൽ ദൈവശക്തി, മൂലപ്രകൃതി പുരുഷൻ എന്നർത്ഥമുണ്ട്. പ്രകൃതി പുരുഷനാണ് ഈശ്വരൻ.
അതുപോലെ വിശിഷ്ടമായ സങ്കൽപ്പത്തിൽ ക്രിയാത്മകമായ സാന്നിദ്ധ്യത്തിൽ ഒരു ആചാര്യനോ ഒരുസംഘം ആചാര്യന്മാരോ ഏതൊരു ക്ഷേത്രത്തിൽ ഏതു ഭാവത്തെ ലോകഹിതത്തിനായി പ്രതിഷ്ഠിക്കുന്നുവോ ആ സങ്കൽപ്പ പൂർണ്ണമായിരിയ്ക്കുന്ന കർമ്മശുദ്ധി ലോകജനതയുടെ ശ്രേയസ്സിനു കാരണഭൂതമാകുന്നു എന്ന് അഭിജ്ഞമതം.
ഒരു വിഗ്രഹം നിർമ്മിയ്ക്കുമ്പോൾ എല്ലാ അവയവങ്ങളും പൂർത്തീകരിച്ചതിന് ശേഷം ഏറ്റവും അവസാനമാണ് കണ്ണെഴുതുന്നത് .അതായത് കണ്ണ് വരയ്ക്കുന്നത്. ഇതിനെ '.'നേത്രോന്മീലനം' എന്നുപറയുന്നു. അതായത് കണ്ണ് മിഴിയ്ക്കൽ.ഇത് നടക്കുന്നത് അയോദ്ധ്യയിൽ വച്ചാണ്. കണ്ണെഴുത്തിലൂടെയാണ് ഒരു വിഗ്രഹം പൂർത്തിയാകുന്നത്. കണ്ണിലാണ് ചൈതന്യം ഇരിയ്ക്കുന്നത് .
ഫോട്ടോ ക്യാപ്ഷൻ : ആദ്യ 5 ഫോട്ടോകൾ അയോദ്ധ്യയിലെ കാഴ്ച്ചകളാണ്
6,7 പുതിയ രാംലല്ല വിഗ്രഹം