
ന്യൂഡൽഹി : ജയിലിൽ കീഴടങ്ങാൻ സമയം തേടി ബിൽക്കീസ് ബാനു കേസിലെ 11 കുറ്രവാളികളും സമർപ്പിച്ച അപേക്ഷകൾ സുപ്രീംകോടതി തള്ളി. കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കുന്ന നാളെ എല്ലാവരും കീഴടങ്ങേണ്ടി വരും.
ആരോഗ്യപ്രശ്നം, മാതാപിതാക്കളെ ശുശ്രൂഷിക്കൽ, വിളവെടുപ്പ്, കുടുംബത്തിലെ വിവാഹം തുടങ്ങിയ കാരണങ്ങളാണ് കീഴടങ്ങലിന് സമയം ചോദിച്ചു കൊണ്ട് കുറ്റവാളികൾ ഉന്നയിച്ചത്. ഈ കാരണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചത്. സമയം അനുവദിക്കാൻ ന്യായമായ കാരണങ്ങൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി.
ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും, മൂന്നര വയസുള്ള പെൺകുഞ്ഞിനെ അടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം കഠിനതടവാണ് 11 പേർക്കും ഗ്രേറ്റർ മുംബയിലെ പ്രത്യേക വിചാരണക്കോടതി വിധിച്ചത്. 2022 ആഗസ്റ്റ് 15ന് ശിക്ഷായിളവ് നൽകി ഗുജറാത്ത് സർക്കാർ ഇവരെ ജയിൽ മോചിതരാക്കിയത് രൂക്ഷമായ വിമർശനത്തോടെ ജനുവരി എട്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കുറ്റവാളികൾ രണ്ടാഴ്ച്ചയ്ക്കകം ജയിലിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടു.