
അയോദ്ധ്യ : രാംലല്ല (ബാലനായ രാമൻ) നാളെ ദേവചൈതന്യത്തിൽ മിഴി തുറന്ന് ദർശനം നൽകാനിരിക്കെ, ഉത്സവപുരിയായി അയോദ്ധ്യ. രാത്രിയിലെ വൈദ്യുതാലങ്കാരങ്ങളിൽ രാമക്ഷേത്രം വെട്ടിത്തിളങ്ങുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തന്നെ അയോദ്ധ്യയിൽ എത്തുമെന്ന് സൂചനയുണ്ട്. പ്രാണപ്രതിഷ്ഠയുടെ ഏറ്റവും പ്രധാന കർമ്മമായ, രാംലല്ലയുടെ മിഴി ആദ്യമായി തുറക്കുന്ന (നേത്രോന്മീലനം) കണ്ണെഴുതൽ നാളെയാണ്. നിയന്ത്രണങ്ങളുണ്ടെങ്കിലും ദർശനപുണ്യത്തിനായി ജനങ്ങൾ അയോദ്ധ്യയിലേക്ക് വന്നുകൊണ്ടിരിക്കയാണ്.
ഗർഭഗൃഹം (ശ്രീകോവിൽ) ഇന്നലെ സരയൂ നദിയിലെ ജലം കൊണ്ട് കഴുകി ശുദ്ധമാക്കി. രാംലല്ലയെ പുഷ്പമാലകൾ ചാർത്തി അലങ്കരിച്ചു. പ്രത്യേക പൂജകൾ നടന്നു. മുഖ്യ പുരോഹിതൻ വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ. ശ്രീകോവിലും ക്ഷേത്രകവാടങ്ങളും അടക്കം പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.അയോദ്ധ്യയിലെ തെരുവുകളെല്ലാം കഴുകി വൃത്തിയാക്കി.
വിശിഷ്ടാതിഥികൾക്കായി ഇരിപ്പിടങ്ങൾ തയ്യാറാക്കി. വി.ഐ.പികളെ ലക്‌നൗവിൽ നിന്ന് റോഡ് മാർഗ്ഗം ക്ഷേത്രത്തിലെത്തിക്കാൻ ഗ്രീൻ കോറിഡോർ തുറന്നു. വേഗത്തിൽ പോകാൻ തടസങ്ങൾ ഇല്ലാത്ത പാതയാണിത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന ക്ഷേത്രത്തിന് സമീപം ക്യാമ്പ് തുറന്നു.
കനത്ത സുരക്ഷ
ക്ഷേത്രത്തിന് ചുറ്രും ത്രിതല സുരക്ഷയാണ്. യു. പി പൊലീസ്, യു.പി സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്, സി.ആർ.പി.എഫ് എന്നിവയാണ് സുരക്ഷയ്ക്കുള്ളത്. ദ്രുത കർമ്മ സേനയും ഉണ്ട്. യു.പി സ്പെഷ്യൽ ഫോഴ്സിലെ 100ൽപ്പരം കമാൻഡോകൾ നിരന്നു. ശ്രീകോവിലിലെ ഓരോ നീക്കവും സി.ആർ.പി.എഫ് നിരീക്ഷിക്കും.
 പ്രവേശനത്തിന് ക്യൂ ആർ കോഡ്
വ്യാജ വി.ഐ.പി പാസ് തട്ടിപ്പ് തടയാൻ മുൻകരുതൽ ശക്തമാക്കി. ക്ഷണക്കത്ത് കിട്ടിയ വിശിഷ്ടാതിഥികൾ മുൻകൂർ രജിസ്ട്രേഷൻ നടത്തണം. അതിനായി അവരുടെ വാട്സാപ്പിൽ ലിങ്ക് അയച്ചിട്ടുണ്ട്. പാസ് ജനറേറ്റ് ചെയ്ത് പ്രിന്റെടുത്ത് വേണം എത്താൻ. പാസിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് പ്രവേശനം. ആധാർ കാർഡ് കരുതണം.പാസില്ലാത്തവരെ ഓൺലൈൻ രജിസ്ട്രഷന് സഹായിക്കാൻ ഹെൽപ്പ് ഡെസ്‌കുണ്ട്.
 ചിത്രം പുറത്തുവന്നതിൽ അമർഷം
രാംലല്ല മൂർത്തിയുടെ ചിത്രം പുറത്തുവന്നതിൽ അമർഷം രേഖപ്പെടുത്തി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. രാംലല്ലയുടെ കണ്ണുകൾ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ പൊതുജനം കാണാൻ പാടുള്ളൂ. ആരാണ് ചിത്രം പുറത്തുവിട്ടതെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
 മാദ്ധ്യമങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
വ്യാജ വിവരങ്ങളും സാമുദായിക സൗഹാർദ്ദം ഹനിക്കുന്ന വാർത്തകളും നൽകരുതെന്ന് പത്രങ്ങൾ, ചാനലുകൾ, ഡിജിറ്റൽ മീഡിയ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.