
അയോദ്ധ്യ : ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്തു നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപൂരിലാണ് പുതിയ പള്ളി നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ കൈമാറിയ അഞ്ചേക്കർ ഭൂമി. സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ ഭൂമിയിൽ ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഇവിടെ മുഹമ്മദ് ബിൻ അബ്ദുല്ല പള്ളിയുടെ നിർമ്മാണത്തിന് പ്രധാനതടസം ഫണ്ടിന്റെ അപര്യാപ്തതയാണെന്നാണ് ചുമതലക്കാരായ ഇൻഡോ- ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പറയുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ ഒരു ഓഫീസ് തുറന്നത് മാത്രമാണ് ഏകനടപടി.
മുഗളൻമാരുടെ പേർഷ്യൻ രൂപഘടനയ്ക്ക് പകരമായി ആധുനിക മാതൃകയിലുള്ള പള്ളി നിർമ്മിക്കുകയാണ് ലക്ഷ്യം. താജ്മഹലിനേക്കാൾ മനോഹരമാക്കാൻ ഉദ്ദ്യേശിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മസ്ജിദിനൊപ്പം പൂർണമായും സൗജന്യചികിത്സ നൽകുന്ന ആശുപത്രി, ലൈബ്രറി, ചരിത്ര മ്യൂസിയം, സൗജന്യഭക്ഷണം വിളമ്പുന്ന സാമൂഹിക അടുക്കള എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. 330 കോടിയിൽപ്പരമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.