
അയോദ്ധ്യ: ഭക്തർക്ക് ദർശന പുണ്യമേകാൻ തയ്യാറായ രാംലല്ല (ബാലനായ രാമൻ) വിഗ്രഹത്തിന് ചുറ്റും മഹാവിഷ്ണുവിന്റേതെന്ന് വിശ്വസിക്കുന്ന 10 അവതാരങ്ങളുടെ രൂപവും കൊത്തിയിട്ടുണ്ട്. ഗർഭഗൃഹത്തിൽ (ശ്രീകോവിൽ) കിഴക്കോട്ട് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്. സൂര്യൻ ഉദിക്കുന്ന ദിശ, പോസിറ്രീവ് എനർജി എന്നിവ കാരണമാണെന്നാണ് പറയപ്പെടുന്നത്. മൈസൂരുവിലെ ശില്പി അരുൺ യോഗിരാജ് കൊത്തിയെടുത്ത ശില്പമാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രഹസ്യ വോട്ടിലൂടെ തിരഞ്ഞെടുത്തത്. മുഖം വരുന്ന ഭാഗത്തിന് ചുറ്റുമായി ഓം, ചക്രം, ഗദ, സ്വസ്തിക്, ശംഖ് രൂപങ്ങൾ കൊത്തിയിട്ടുണ്ട്.
ഇടതുഭാഗത്തായി വിഷ്ണുവിന്റെ അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ. വലതുഭാഗത്ത് പരശുരാമൻ, രാമൻ, കൃഷ്ണൻ, ബുദ്ധൻ, കൽക്കി രൂപങ്ങൾ. 200 കിലോയോട് അടുത്താണ് ശില്പത്തിന്റെ ഭാരം. പൊക്കം- 51 ഇഞ്ച്. വീതി- മൂന്ന് അടി.