അയോദ്ധ്യ: ഇതിഹാസപ്രസിദ്ധമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ലോകമെങ്ങുമുള്ള ശ്രീരാമഭക്തർക്ക് സായുജ്യമായി. പുരാേഹിതരുടെ കണ്ഠങ്ങളിൽ നിന്ന്
വേദമന്ത്രങ്ങളും ക്ഷേത്രസന്നിധിയിൽ
ശ്രീരാമസ്തുതികളും മംഗളവാദ്യങ്ങളും മുഴങ്ങിയ ഭക്തിസാന്ദ്രമായ അഭിജിത് മുഹൂർത്തത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന യജമാനനായി ശ്രീരാമപാദങ്ങളിൽ താമരപ്പൂവ് അർപ്പിച്ചു. അപ്പോൾ സമയം ഉച്ചയ്ക്ക് 12.32. തൊട്ടടുത്ത നിമിഷം ക്ഷേത്രവളപ്പിലും അയോദ്ധ്യാനഗരത്തിലെമ്പാടും സ്ഥാപിച്ചിരുന്ന കൂറ്റൻ സ്ക്രീനുകളിൽ ദേവന്റെ മിഴിദൃശ്യങ്ങൾ തെളിഞ്ഞു. സർവാലങ്കാര വിഭൂഷിതനായി, കിരീടധാരിയായി, കോദണ്ഡ വില്ലുമേന്തി പുഞ്ചിരി തൂകുന്ന ഭഗവാന്റെ പൂർണരൂപവും പുറംലോകത്തിന് ദർശിക്കാനായി. വ്യോമസേനാ ഹെലികോപ്ടർ വട്ടമിട്ട് പറന്ന് ക്ഷേത്രത്തിനു മുകളിലും അയോദ്ധ്യാ നഗരത്തിലെമ്പാടും പുഷ്പവൃഷ്ടി നടത്തി.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും താമര അർപ്പിച്ചു. മോദി പുഷ്പങ്ങളും കുങ്കുമവും അർപ്പിച്ചു. റോസാപൂവിൽ പുണ്യജലം തൊട്ട് അർച്ചന നടത്തി. വസ്ത്രവും തുളസിക്കതിരും സമർപ്പിച്ചു. തുടർന്ന് മുഖ്യകാർമ്മികത്വം വഹിച്ച പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ആരതി ഉഴിഞ്ഞ് പ്രധാനമന്ത്രി ആദ്യആരാധന നടത്തി. തളികയിലേന്തിയ പുഷ്പങ്ങൾകൊണ്ട് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് രാമസങ്കീർത്തനം ചൊല്ലി ഭഗവാനെ ആപാദചൂഢം വണങ്ങി.
കൃത്യം 1.08ന് ചടങ്ങുകൾ പൂർത്തിയായി. സാഷ്ടാംഗം പ്രണമിച്ചാണ് പ്രധാനമന്ത്രി ആരാധന പൂർത്തിയാക്കിയത്.
വെള്ളിക്കുടയുമായി മോദി
11 ദിവസത്തെ വ്രതമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് 12.05നാണ് ക്ഷേത്രത്തിന്റെ പ്രവേശനകവാടമായ കിഴക്കേ ദിക്കിലെ സിംഗ് ദ്വാറിലെത്തിയത്. നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്ന് ജയ് ശ്രീരാം വിളികൾ മുഴങ്ങവേ, ചുവന്ന പരവതാനിയിലൂടെ ഏകനായി അദ്ദേഹം ശ്രീകോവിലിനു മുന്നിലേക്കു നീങ്ങി. സ്വർണവർണമുള്ള പരമ്പരാഗത കുർത്തയും പൈജാമയുമായിരുന്നു വേഷം. ഭഗവാന് സമർപ്പിക്കാൻ പട്ടുപുടവയും വെള്ളിക്കുടയും കൈകളിലേന്തിയിരുന്നു. പുരോഹിതർ അദ്ദേഹത്തെ ഗർഭഗൃഹത്തിലേക്ക് ആനയിച്ചു.നിലത്ത് ഉപവിഷ്ടനായി ദർഭ പുല്ലുകൊണ്ടുള്ള പവിത്രമോതിരം അണിഞ്ഞു. മന്ത്രങ്ങൾ ഏറ്റുചൊല്ലി പുരോഹിതർ കൈമാറിയ പൂജാദ്രവ്യങ്ങൾ അർപ്പിച്ചു. പുതിയ വിഗ്രഹത്തിനു തൊട്ടുമുന്നിലായി താഴെത്തട്ടിൽ സ്ഥാപിച്ച പഴയ വിഗ്രഹത്തിനു മുന്നിലാണ് ആദ്യം പുഷ്പങ്ങൾ അർപ്പിച്ചത്.