ayodhya

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ കർമ്മം പൂർത്തിയായതിനു പിന്നാലെ രാമനാമം ചൊല്ലി ജാർഖണ്ഡിലെ ധൻബാദ് സ്വദേശി സരസ്വതി ദേവി 32 വർഷം നീണ്ട മൗനവ്രതം അവസാനിപ്പിച്ചു.

ബാബറി മസ്ജിദ് തകർക്കപ്പെട്ട 1992 ഡിസംബർ ആറിന് തുടങ്ങിയ വ്രതം അയോദ്ധ്യയിൽ രാമക്ഷേത്രം തുറക്കുന്ന ദിവസമേ അവസാനിപ്പിക്കൂ എന്നായിരുന്നു പ്രതിജ്ഞ. ഇതോടെ

'മൗനി മാതാ' എന്നറിയപ്പെടാൻ തുടങ്ങി. 85കാരിയായ സരസ്വതി ദേവി 1986-ൽ ഭർത്താവ് ദേവകിനന്ദൻ അഗർവാളിന്റെ വിയോഗത്തോടെ ജീവിതം ശ്രീരാമന് സമർപ്പിക്കുകയായിരുന്നു. 2020 വരെ, എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കൂർ മൗനം വെടിഞ്ഞിരുന്നു. 2020 ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ സമ്പൂർണ മൗനവ്രതം തുടങ്ങി.

എട്ട് മക്കളിൽ മൂത്തയാളായ നന്ദ് ലാൽ അഗർവാളിനൊപ്പമാണ് താമസം. ആംഗ്യഭാഷയിലൂടെയും പേപ്പറിൽ എഴുതിയുമാണ് ആശയവിനിമയം നടത്തിയത്.

എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് ഉണർന്ന് ഏഴ് മണിക്കൂർ ധ്യാനിക്കും. വൈകുന്നേരങ്ങളിൽ രാമായണവും ഭഗവദ്ഗീതയും മൗനമായി പാരായണം ചെയ്യും. ഒരുനേരം മാത്രമാണ് ഭക്ഷണം. ശ്രീരാമൻ വനവാസ കാലത്ത് താമസിച്ചതെന്ന് കരുതുന്ന മദ്ധ്യപ്രദേശിലെ ചിത്രകൂടിൽ ഏഴു മാസത്തെ പ്രാർത്ഥാനാ യജ്ഞം നടത്തിയിരുന്നു. അയോദ്ധ്യ, കാശി, മഥുര, തിരുപ്പതി ബാലാജി, സോമനാഥ ക്ഷേത്രം, ബാബ ബൈദ്യനാഥം തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടനവും നടത്തി.

''രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്കായി നീക്കി വച്ചതാണ് ജീവിതം. എന്റെ തപസ്സും ധ്യാനവും വിജയിച്ചു. 30 വർഷത്തിനുശേഷം എന്റെ മൗന പ്രതിജ്ഞ 'രാമ നാമം' ചൊല്ലി അവസാനിപ്പിക്കുകയാണ്'' -അവർ പറഞ്ഞു.