
ന്യൂഡൽഹി : പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറാകുന്നതിന്റെ ഭാഗമായി 11 ദിവസത്തെ വ്രതത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കരിക്കുവെള്ളം, പഴവർഗങ്ങൾ മാത്രമായിരുന്നു കഴിച്ചിരുന്നത്. തറയിൽ കിടന്നായിരുന്നു ഉറക്കം. വ്രതത്തിന്റെ ഭാഗമായി തൃപ്രയാർ രാമക്ഷേത്രത്തിൽ അടക്കം ദർശനം നടത്തിയിരുന്നു. ഇന്നലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തിലാണ് വ്രതം അവസാനിപ്പിച്ചത്. പ്രവേശന കവാടത്തിൽ പ്രസംഗിക്കുന്നതിന് മുൻപായിരുന്നു ഇത്. സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് കൈമാറിയ നീര് കുടിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്.
ചടങ്ങിനെത്തിയ സന്യാസി വര്യന്മാരെ മോദി പ്രണമിച്ചു. രാമജന്മഭൂമി ന്യാസിന്റെ തലവനായ നൃത്യ ഗോപാൽ ദാസിന്റെ കാൽതൊട്ടു തൊഴുതു. രാമക്ഷേത്രത്തിന്റെ മാതൃക മോദിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ചു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളെ മോദി അഭിനന്ദിച്ചു. അവർക്ക് മേൽ പുഷ്പങ്ങൾ അർപ്പിച്ചു. അയോദ്ധ്യ കുബേർ ടിലയിലെ ശിവ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാണ് ഡൽഹിക്ക് മടങ്ങിയത്.