
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം
ന്യൂഡൽഹി: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ഇന്നലെ അസാമിൽ ശ്രീ ശ്രീ ശങ്കർദേവിന്റെ ജന്മസ്ഥലത്തെ ക്ഷേത്രത്തിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര തടഞ്ഞ് പൊലീസ്. തുടർന്ന് രാഹുൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നൂറുകണക്ക് പ്രവർത്തകരും ഒപ്പം ചേർന്നു.
പ്രാണപ്രതിഷ്ഠാ ദിനത്തിലെ സന്ദർശനം നീട്ടിവയ്‌ക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിർദ്ദേശിച്ചിരുന്നു. യാത്രയ്‌ക്ക് അനുമതി നിഷേധിക്കുകയും ചെയ്‌തു. എന്നാൽ, ക്ഷേത്രം സന്ദർശിക്കാൻ മാനേജിംഗ് കമ്മിറ്റിയുടെ അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജനുവരി 22ന് ശ്രീശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാലമായ ബട്ടദ്രവ സത്ര സന്ദർശിക്കുമെന്ന് നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര സമിതി അനുമതിയും നൽകി. എന്നാൽ യാത്രാ ദിവസം മാറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ, വിശ്വാസികളുടെ വൻ തിരക്ക് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നും രാഹുൽ വൈകിട്ട് 3ന് ശേഷം എത്തണമെന്നും ക്ഷേത്ര സമിതി നിർദ്ദേശിച്ചു. എന്നാൽ രാഹുൽ ഇന്നലെ രാവിലെ എത്തി. തുടർന്ന് പൊലീസ് തടയുകയായിരുന്നു.
ബി.ജെ.പിയുടെ കളി: രാഹുൽ
സന്ദർശനത്തിന് അനുമതി ലഭിച്ചിട്ടും എന്തുകൊണ്ട് തന്നെ കടത്തിവിടുന്നിലെന്നും, സന്ദർശനം നിഷേധിക്കാൻ എന്ത് തെറ്റാണ് ചെയ്തതെന്നും രാഹുൽ മാധ്യമങ്ങളൊട് ചോദിച്ചു. ക്ഷേത്രസമതിക്ക് ബി.ജെ.പി യുടെ സമ്മർദ്ദമുണ്ടെന്നും ആരോപിച്ചു. രാഹുലിന്റെ പ്രതിനിധിയായി ഗൗരവ് ഗോഗോയ് എം.പിയും സിബമോനി ബോറ എം.എൽ.എയും ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അവർ തിരിച്ചെത്തിയ ശേഷമാണ് രാഹുൽ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.
നടപടി രാഷ്ട്രീയ പകപോക്കലും വേദനാജനകവുമാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനുള്ള ശ്രമം അപലപനീയം. ദൈവങ്ങൾ ബി.ജെ.പിയുടെ കുത്തകയല്ല
കെ. സി. വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി