ayodhya

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ കാഞ്ചിപുരത്ത് രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണത്തെ ചൊല്ലി ഡി.എം.കെയും ബി.ജെ.പിയും തമ്മിലുണ്ടായ തർക്കത്തിന് സുപ്രീംകോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഇടപെടലിലൂടെ പരിഹാരം. തുടർന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമലൈ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ തൽസമയം വീക്ഷിച്ചു.

തൽസമയ സംപ്രേക്ഷണത്തിന് അനുമതി നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നിർമ്മലാ സീതാരാമൻ ചടങ്ങ് വീക്ഷിക്കാനിരുന്ന കാഞ്ചീപുരം കാമാക്ഷി ക്ഷേത്രത്തിൽ അടക്കം സ്ഥാപിച്ച 400 എൽ.ഇ.ഡി സ്‌‌ക്രീനുകൾ പൊലീസ് അഴിച്ചു മാറ്റിയിരുന്നു. 200 ക്ഷേത്രങ്ങളിൽ പൂജകൾ അടക്കമുള്ള ചടങ്ങുകൾക്കും വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ നിരോധനമില്ലെന്നും ഹർജി രാഷ്‌ട്രീയ പ്രേരിതമാണെന്നും തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ക്രമസമാധാന പ്രശ്‌നമില്ലാതെ തൽസമയം സംപ്രേഷണത്തിന് സുപ്രീംകോടതി അനുമതി നൽകി. വാക്കാലുള്ള ഉത്തരവുകൾ പ്രസക്തമല്ലെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി.

കോടതികൾ ഹിന്ദുക്കളുടെ അവകാശം സ്ഥാപിച്ചുവെന്നും പരിപാടി തത്സമയം കണ്ട് ആളുകൾ സന്തുഷ്ടരായെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ഡി.എം.കെ ഭരണം ഹിന്ദു ജനതയ്‌ക്കെതിരാണെന്ന് അണ്ണാമലൈ ആരോപിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മാത്രം 1,142 സ്ഥലങ്ങളിൽ അയോദ്ധ്യാ ചടങ്ങ് തൽസമയം കാണിച്ചു.