
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസാം സർക്കാരും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കങ്ങൾ പ്രശസ്‌തി നൽകുന്നെന്നും അതിൽ സന്തോഷമുണ്ടെന്നും പരിഹസിച്ച് രാഹുൽ ഗാന്ധി. അസാമിലെ കാംരൂപിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ രാഹുൽ കടന്നാക്രമിച്ചു.
പ്രശസ്‌തി ആഗ്രഹിച്ചല്ല യാത്ര നടത്തുന്നത്. എന്നാൽ അസാം മുഖ്യമന്ത്രിയും അമിത് ഷായും വഴി അത് വേണ്ടതിലേറെ ലഭിക്കുന്നു. കോളേജിൽ പോകുന്നതിൽ നിന്ന് തടഞ്ഞെങ്കിലും കുട്ടികളെല്ലാം പുറത്തിറങ്ങി പ്രസംഗം കേട്ടു. ഞങ്ങളെ സഹായിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ക്ഷേത്രദർശനവും വിദ്യാർത്ഥികളുമായി സംവദിക്കുന്നതും തടയുന്ന ഭീഷണിപ്പെടുത്തൽ തന്ത്രത്തിൽ കോൺഗ്രസ് വീഴില്ല. ഹിമന്ത രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന ആരോപണം രാഹുൽ ആവർത്തിക്കുകയും ചെയ്‌തു. അസാം മുഖ്യമന്ത്രിക്ക് ഭരണം നടത്താൻ ഡൽഹിയിൽ നിന്നുള്ള ഉത്തരവ് വേണം.
പണവും അധികാരവുമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന സ്ഥിതിയാണ്. അസാമിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും ആർ.എസ്.എസ് സംസ്കാരത്തിന് അടിയറവ് വയ്‌ക്കാനാണ് നീക്കം. ഇത് അസാമീസ് ജനതയുടെ ശബ്ദമല്ല. സ്വന്തം പേരിൽ കേസുകളുള്ളതിനാൽ മുഖ്യമന്ത്രിക്ക് പരിമിതിയുണ്ട്. ബി.ജെ.പി പ്രവർത്തകർ പോലും മുഖ്യമന്ത്രിയെ തള്ളിപ്പറയുന്നു. തനിക്കെതിരെയുള്ള വിമർശനങ്ങളെയും അക്രമണങ്ങളെയും കാര്യമാക്കുന്നില്ല. സത്യത്തിന് വേണ്ടിയാണ് പോരാട്ടം. ലോകം മുഴുവൻ മറുവശത്ത് നിന്നാലും കുഴപ്പമില്ല. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനുവേണ്ടി പോരാട്ടം തുടരും.
'ഇന്ത്യ' 60ശതമാനം വോട്ട്
ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പോരാടുന്ന 'ഇന്ത്യ' മുന്നണിക്ക് 60ശതമാനം വോട്ടു പിന്തുണയുണ്ടെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യ ഒരു പ്രത്യയശാസ്ത്രമാണ്. സീറ്റ് പങ്കിടൽ ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചർച്ച നടക്കുകയാണെന്ന മറുപടിയാണ് രാഹുൽ നൽകിയത്. കോൺഗ്രസ് 300 സീറ്റിൽ മത്സരിക്കും. ബംഗാളിൽ തൃണമൂലുമായുള്ള സഹകരണത്തെക്കുറിച്ച് പറയവെ മമതയുമായി നല്ല ബന്ധമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ പ്രസ്‌താവനകളെ താൻ കാര്യമാക്കാറില്ലെന്നും പറഞ്ഞു.
'ഇന്ത്യ' മുന്നണി അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മുൻ നിലപാടിൽ മാറ്റമില്ലെന്നായിരുന്നു മറുപടി. ആർഎസ്എസിനോടും പ്രധാനമന്ത്രിയോടും പോരാടുന്നത് 'ഇന്ത്യ'യാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങളിൽ 'ഇന്ത്യ' ചർച്ച ചെയ്ത് തീരുമാനിക്കും.
മമതാ ബാനർജി അടക്കം 'ഇന്ത്യ' മുന്നണി നേതാക്കളെ യാത്രയ്‌ക്ക് ക്ഷണിച്ചു. അവർ വന്നാൽ സന്തോഷമാകും. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബി.ജെ.പിക്ക് വലിയ ഗുണമുണ്ടാക്കില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അത് അവരുടെ രാഷ്‌ട്രീയ പരിപാടിയാണ്. മുഴുവൻ മോദി ഷോ ആയിരുന്നു. അത്തരം കാര്യങ്ങളിൽ കോൺഗ്രസിന് വ്യക്തതയുണ്ട്,
രാജ്യത്തിന് ശക്തി പകരുന്ന നീതിയുടെ അഞ്ച് തൂണുകൾ - യുവനീതി, പങ്കാളിത്ത നീതി, വനിതാ നീതി, കർഷക നീതി, തൊഴിൽ നീതി എന്നിവയാണ് ഭാരത് ജോഡോ ന്യായ യാത്രയുടെ ലക്ഷ്യമെന്ന് രാഹുൽ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നര മാസത്തിനുള്ളിൽ പുറത്തുവിടും.
ജോലിസ്ഥലത്തും തെരുവിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതിക്കെതിരെയും യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്‌മയ്ക്കും യാത്ര പരിഹാരം കാണുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുലിനെതിരെ കേസ്
ന്യായ് യാത്ര ഗുവാഹത്തിയിൽ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുലിനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനുമെതിരെ കേസ്. മനപൂർവമല്ലാത്ത അക്രമം, പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
തടഞ്ഞ് പൊലീസ്, പ്രതിഷേധിച്ച് കോൺ.
ന്യായ് യാത്രയ്‌ക്ക് ഗുവാഹത്തിയിൽ പ്രവേശനം നിഷേധിച്ചതിനെ ചൊല്ലി തർക്കം. പ്രതിഷേധത്തിനിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. യു.എസ്.ടി.എം യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ രാഹുലിനെ അനുവദിച്ചില്ല.
യാത്ര നഗരപരിധിയിൽ പ്രവേശിക്കുന്നത് തടയാൻ രണ്ടിടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച പൊലീസിന് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് തടയേണ്ടി വന്നു. പാർട്ടി പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചപ്പോളായിരുന്നു സംഘർഷം. പിന്നീട് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് രാഹുൽ പാർട്ടി അനുഭാവികളെ അഭിസംബോധന ചെയ്‌തു. തങ്ങൾ ബാരിക്കേഡുകൾ തകർത്തെങ്കിലും നിയമം ലംഘിക്കില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
യു.എസ്.ടി.എം യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പുറത്ത് ബസിനു മുകളിൽ നിന്നാണ് രാഹുൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്. കുട്ടികൾ പുറത്ത് വന്ന് പരിപാടിയിൽ പങ്കെടുത്തു.
രാജ്യമെമ്പാടും ഇതാണ് സ്ഥിതിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് പരിപാടി തടഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. ഞങ്ങൾ ദുർബലരാണെന്ന് കരുതരുതെന്ന് രാഹുൽ പറഞ്ഞു. അവർ യൂണിവേഴ്സിറ്റിയിലെ പരിപാടി റദ്ദാക്കിയെങ്കിലും വിദ്യാർത്ഥികൾ പുറത്ത് വന്ന് പ്രസംഗം കേട്ടു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുൽ പറഞ്ഞു. ഇന്ന് ജോഡോ ന്യായ യാത്ര ഗുവാഹത്തിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ സഞ്ചരിക്കും. നാളെ അസാം പര്യടനം പൂർത്തിയാകും.