loksabha-election-

ഡൽഹി തിര. ഓഫീസറുടെ കത്തിന് പിന്നാലെ അഭ്യൂഹങ്ങൾ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 16ന് തുടങ്ങിയേക്കുമെന്ന

അഭ്യൂഹങ്ങൾ ശക്തമായി.

ഡൽഹിയിൽ ഏപ്രിൽ 16ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്നും ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്നും സൂചിപ്പിച്ച് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ 11 ജില്ലാ ഓഫീസർമാർക്ക് അയച്ച കത്താണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. കേരളത്തിൽ അടക്കം കത്ത് പ്രചരിച്ചതോടെ ഏപ്രിൽ 16ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന തരത്തിൽ പ്രചാരണമുണ്ട്..

കത്ത് ചർച്ചയായതോടെ, തീയതി സൂചന മാത്രമാണെന്ന വിശദീകരണം വന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്ലാനർ പ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് 'റഫറൻസ്' ആയാണ് തീയതി നൽകിയതെന്ന് ഡൽഹി ചീഫ് ഇലക്‌ടറൽ ഓഫീസർ വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്‌ത് എക്‌സിൽ കുറിക്കുകയായിരുന്നു. റഫറൻസ് തീയതി നിശ്ചയിച്ച് മുൻകൂട്ടി ചുമതലകൾ നൽകുന്നത് പതിവാണെന്നും വിശദീകരണമുണ്ട്.

ജനുവരി 31 മുതൽ ഫെബ്രുവരി 9വരെ നടക്കുന്ന പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയുടെ അനുകൂല സാഹചര്യം മുതലാക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതിനാൽ ഏപ്രിൽ-മേയ് മാസത്തിന് പകരം തിരഞ്ഞെടുപ്പ് നേരത്തെയാവാനും സാദ്ധ്യതയുണ്ട്. ഡൽഹി ചീഫ് ഇലക്‌ടറൽ ഒാഫീസറുടെ കത്ത് തിരഞ്ഞെടുപ്പിന്റെ സൂചനയാണെന്ന തരത്തിൽ ചർച്ചയാകാൻ കാരണമിതാണ്. തയ്യാറെടുപ്പ് തുടങ്ങാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒാഫീസർമാർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയെന്നാണ് ലഭിക്കുന്ന വിവരം.

2019ൽ ഏപ്രിൽ 11 മുതൽ മേയ് 19വരെ ഏഴ് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. മേയ് 23 ന് ഫലം പ്രഖ്യാപിച്ചു.