ന്യൂഡൽഹി: ബീഹാർ മുൻ മുഖ്യമന്ത്രിയും അധ:സ്ഥിതരുടെ മുന്നണിപ്പോരാളിയുമായിരുന്ന കർപ്പൂരി താക്കൂറിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന മരണാനന്തര ബഹുമതിയായി സമ്മാനിക്കും. കർപ്പൂരി താക്കൂറിന്റെ 100-ാം ജൻമദിനത്തോടനുബന്ധിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരത് രത്‌ന പ്രഖ്യാപിച്ചത്. ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയാണ്.
1978ൽ മുഖ്യമന്ത്രിയായിക്കെ, ഒ.ബി.സിക്ക് 12 ശതമാനം സംവരണം ഉറപ്പാക്കി മുെഗേരി ലാൽ കമ്മീഷൻ ശുപാർശകൾ നടപ്പാക്കി. അതിൽ ജനതാപാർട്ടിയിലെ സവർണരുടെ എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെട്ടു. സംവരണത്തിൽ വെള്ളം ചേർക്കപ്പെട്ടു.
ജീവിതരേഖ
ബ്രിട്ടീഷ് ഇന്ത്യയിലെ ബീഹാറിൽ പിടൗജിയ ഗ്രാമത്തിൽ നായി സമുദായത്തിൽ ഗോകുൽ താക്കൂറിന്റെയും ശ്രീമതിയുടെയും മകനായി ജനനം. എ.ഐ.എസ്.എഫിലൂടെ രാഷ്‌ട്രീയത്തിൽ. കോളേജ് വിദ്യാഭ്യാസം നിർത്തി ക്വിറ്റ് ഇന്ത്യ സമരത്തിൽ. 26 മാസം ജയിലിൽ. സ്വാതന്ത്ര്യത്തിന് ശേഷം അദ്ധ്യാപകനായി പിന്നീട് പൊതുപ്രവർത്തകൻ. കേന്ദ്ര ജീവനക്കാർക്കു വേണ്ടി സമരം ചെയ്ത് ജയിലിൽ.
ജയപ്രകാശ് നാരായണന്റെ പിന്തുണയോടെ 1952ൽ സോഷ്യലിസ്റ്റ്പാർട്ടി സ്ഥാനാർത്ഥിയായി താജ്‌പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ. 1967-68ൽ ഉപമുഖ്യമന്ത്രി, 1970 ഡിസംബർ 22 മുതൽ 1971 ജൂൺ 2 വരെയും 1977 ജൂൺ 24 മുതൽ 1979 ഏപ്രിൽ 21 വരെയും മുഖ്യമന്ത്രി. ബിഹാറിൽ മദ്യനിരോധനം, മെട്രിക്കുലേഷൻ സിലബസിൽ ഇംഗ്ളീഷ് ഉൾപ്പെടുത്തൽ തുടങ്ങിയ പരിഷ്‌കാരങ്ങൾ. "അവകാശങ്ങൾ വേണമെങ്കിൽ, പോരാടാൻ പഠിക്കൂ, ജീവിക്കണമെങ്കിൽ മരിക്കാൻ പഠിക്കൂ." എന്ന
കർപ്പൂരി താക്കൂറിന്റെ മുദ്രാവാക്യം പ്രശസ്‌തമാണ്. ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, രാം വിലാസ് പാസ്വാൻ, സുശീൽ കുമാർ മോദി എന്നിവരുടെ രാഷ്ട്രീയ ഗുരുവാണ്.