
അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിക്കുന്നതിനിടെ, കേന്ദ്രമന്ത്രിമാരുൾപ്പെടെ ബി.ജെ.പി നേതാക്കൾ അയോദ്ധ്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന യജമാൻ സ്ഥാനത്തു നിന്ന് നടത്തിയ പ്രാണപ്രതിഷ്ഠയുടെ അലയൊലികൾ രാജ്യത്തെങ്ങും എത്തിക്കാനും കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകാനുമാണ് ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി നേതാക്കൾ നടത്തുന്ന രാമക്ഷേത്ര സന്ദർശനം ഭൂരിപക്ഷ വോട്ടുകളെ ഏകീകരിക്കാൻ കെൽപ്പുള്ളതാണെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇപ്പോൾ വൻതിരക്ക് നേരിടുന്ന സാഹചര്യത്തിൽ മാർച്ച് മാസമായിരിക്കും കേന്ദ്രമന്ത്രിമാരുടെ സന്ദർശനമെന്നാണ് സൂചന. ഒരു മാസത്തേക്ക് മന്ത്രിമാർ ക്ഷേത്ര സന്ദർശനം മാറ്റിവയ്ക്കണമെന്ന് മോദി ഇന്നലെ കേന്ദ്ര കാബിനറ്റ് യോഗത്തിൽ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ 29നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫെബ്രുവരി നാലിനും ക്ഷേത്രത്തിലെത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ജനുവരി 31 മുതൽ മാർച്ച് നാലുവരെ ബി.ജെ.പി ഭരിക്കുന്ന 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിസഭാംഗങ്ങളും ക്ഷേത്രം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ക്യാബിനറ്റ് യോഗം അയോദ്ധ്യയിൽ ചേരാൻ ഗുജറാത്ത് സർക്കാർ ഉൾപ്പെടെ ആലോചിക്കുന്നു. തിരക്കിന്റെ പശ്ചാത്തലത്തിൽ തീയതികളിൽ മാറ്റം വരുത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനകളുമുണ്ട്.
ഭക്തജനപ്രവാഹം
പൊതുജനങ്ങൾക്കുള്ള പ്രവേശനം ആരംഭിച്ച ചൊവ്വാഴ്ച അഞ്ച് ലക്ഷത്തിനടുത്ത് ഭക്തർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെയും അയോദ്ധ്യയിലേക്ക് തീർത്ഥാടക പ്രവാഹമായിരുന്നു. മൂന്ന് ലക്ഷത്തിലധികം ഭക്തർ എത്തിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഭക്തർ ശാന്തത പാലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു. വി.ഐ.പികൾ ഒരാഴ്ച മുൻപെങ്കിലും സന്ദർശന വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മേഖലയിൽ അധികസേനയെ നിയോഗിച്ചിട്ടുണ്ട്.