ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും പഞ്ചാബിൽ ആം ആദ്മി പാർട്ടിയും മുഴുവൻ സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പ്രതിപക്ഷ 'ഇന്ത്യ' സഖ്യത്തിനും കോൺഗ്രസിനും തിരിച്ചടിയായി. ഇന്ത്യ മുന്നണിയിലെ ഭിന്നത ബി. ജെ. പി മുതലെടുക്കും.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി യാതൊരു സഖ്യവും ഉണ്ടാവില്ലെന്ന് മമത തുറന്നടിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ പ്രവേശിക്കാനിരിക്കേയാണ് മമത മുന്നണിയെ ഉലയ്ക്കുന്ന പരസ്യനിലപാട് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക കക്ഷികളുമായി ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുമെന്നും വ്യക്തമാക്കി. രാഹുലിന്റെ യാത്ര മമതയെ അറിയിച്ചിരുന്നില്ല.
സാമാന്യ മര്യാദയുടെ പേരിലെങ്കിലും യാത്ര തന്നെ അറിയിക്കേണ്ടതായിരുന്നുവെന്ന് മമത പ്രതികരിച്ചു. മമതയുടെ പാർട്ടിയുമായി സഖ്യം തുടരുമെന്നും ചെറിയ തർക്കങ്ങൾ പരിഹരിക്കുമെന്നും എ.ഐ.സി.സി നേതാക്കളായ ജയറാം രമേശും കെ.സി.വേണുഗോപാലും പ്രതികരിച്ചു.
മമതയുമായി നല്ല ബന്ധമാണെന്നും സീറ്റ് ചർച്ച തുടരുകയാണെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുലിന്റെ ഇടപെടൽ ചർച്ചകളിൽ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് മമത തുറന്നടിച്ചു. സംസ്ഥാന കോൺഗ്രസ് നേതാവും ലോക്‌സഭാ നേതാവുമായ അധീർ രഞ്ജൻ ചൗധരി മമതയെ അവസരവാദിയെന്ന് വിളിച്ചതും പ്രകോപനമായി. കോൺഗ്രസ് സീറ്റിനായി കെഞ്ചില്ലെന്നും തൃണമൂൽ സഹായമില്ലാതെ ജയിക്കുമെന്നും അധീർ പറഞ്ഞു.
പ്രാദേശിക കക്ഷികളുടെ
ആധിപത്യം അംഗീകരിക്കണം
1. പ്രാദേശിക കക്ഷികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനങ്ങളിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും ആ കക്ഷികൾ മത്സരിക്കണമെന്നും യാതൊരു സ്വാധീനവും ചെലുത്താൻ കഴിയാത്ത കോൺഗ്രസ് ഇടപെടരുതെന്നുമാണ് മമതയുടെ നിലപാട്. ബി.ജെ.പിയുമായി നേരിട്ട്ഏറ്റുമുട്ടുന്ന മറ്റു സംസ്ഥാനങ്ങളിലെ 300 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണമെന്നും മമത പറയുന്നു.
2. ബംഗാളിലെ 42 സീറ്റിൽ കോൺഗ്രസ് ജയിച്ച രണ്ടു സീറ്റ് നൽകാമെന്നാണ് മമതയുടെ വാഗ്‌ദാനം . ഇക്കുറി കൂടുതൽ സീറ്റിൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും മറ്റൊരു 'ഇന്ത്യ' കക്ഷിയായ സി.പി.എമ്മും. ആറു സീറ്റുവേണമെന്നാണ് കോൺഗ്രസ് നിലപാട്.
തൃണമൂൽ-22, ബി.ജെ.പി-18, കോൺഗ്രസ്-2, എന്നതാണ് ഇപ്പോഴത്തെ സീറ്റ് നില. 2019ൽ കോൺഗ്രസ്-സി.പി.എം സഖ്യമുണ്ടാക്കി.
3. പഞ്ചാബിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും 13 സീറ്റിലും ആം ആദ്മി ഒറ്റയ്‌ക്ക് ജയിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പറഞ്ഞു. ഡൽഹിയിൽ ഏഴു സീറ്റിൽ മൂന്നെണ്ണം കോൺഗ്രസിന് നൽകാൻ ധാരണയായെങ്കിലും പഞ്ചാബിൽ സംസ്ഥാന ഘടകം സഖ്യത്തിനെതിരാണ്. ഗുജറാത്തിൽ സഖ്യമുണ്ടാകും. ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിക്കും.
പശ്‌ചിമ ബംഗാളിൽ 'ഇന്ത്യ' സഖ്യമുണ്ടാവും. ആശയക്കുഴപ്പം സംസാരിച്ച് പരിഹരിക്കും. മുന്നണിയിലെ മുതിർന്ന നേതാവായ മമതാ ബാനർജിയെ ന്യായ് യാത്രയുടെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.
കെ.സി. വേണുഗോപാൽ,
എ.ഐ.സി.സി സംഘടനാ
ജനറൽ സെക്രട്ടറി