
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏകദേശ തിയതികൾ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 16ന് തിരഞ്ഞെടുപ്പ് നടക്കുന്ന വിധത്തിൽ തയ്യാറെടുപ്പ് നടത്താൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കത്ത് പുറത്തു വന്നിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ തയ്യാറെടുപ്പുകൾ തുടങ്ങിയെന്നാണ് സൂചന.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് താത്ക്കാലിക വോട്ടെടുപ്പ് തീയതി അടിസ്ഥാനമാക്കി സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പ് തുടങ്ങുന്നതാണ് പതിവ്. ജില്ലാ ഉദ്യോഗസ്ഥർക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള റഫറൻസ് തിയതിയായാണ് ഏപ്രിൽ 16 നിശ്‌ചയിച്ചതെന്ന് ഡൽഹി സി.ഇ.ഒ ഓഫീസ് വിശദീകരിച്ചിരുന്നു. 2019ൽ മാർച്ച് 10ന് പ്രഖ്യാപിച്ച് ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇക്കുറി മേയ് അവസാന വാരത്തോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കാം. ചിലപ്പോൾ അതിന് മുൻപുണ്ടാകാം..
തയ്യാറെടുപ്പുകൾ:
#ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന, വോട്ടിംഗ് ബോധവത്ക്കരണ പരിപാടികൾ, വിവിധ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കൽ, നിയമിക്കൽ,
#വാഹനങ്ങൾ വാടകയ്‌ക്കെടുക്കൽ, മറ്റ് ലോജിസ്റ്റിക്‌സ് ജോലികൾ
# പ്രവർത്തനങ്ങൾ നിശ്ചിത സമയത്ത് തുടങ്ങി പൂർത്തിയാക്കാന പ്ളാനർ . തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കാൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷക സമിതികൾ
#കേരളത്തിൽ ഏപ്രിൽ 23നായിരുന്നു 19ലെ വോട്ടെടുപ്പ്.
കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റ ഘട്ടമായും , ബീഹാർ, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഏഴു ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടന്നത്.
#ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. ജമ്മുകാശ്‌മീരും നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാണ്.