
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസാം പര്യടനം പൂർത്തിയാക്കി ബംഗാളിൽ പ്രവേശിക്കും. ഇന്നലെയും രാഹുൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരായ അഴിമതി ആരോപണം ആവർത്തിച്ചു. സംസ്ഥാനത്ത് യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്‌ച സംഭവിച്ചെന്ന് കോൺഗ്രസ് പരാതിപ്പെട്ടു. അസാമിൽ യാത്രയ്‌ക്കും രാഹുലിനും സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ആശങ്ക രേഖപ്പെടുത്തിയ ഖാർഗെ തെളിവുകളുണ്ടായിട്ടും അക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.
ഇന്ന് ബംഗാളിലെത്തുന്ന യാത്ര ജൽപാൽഗുഡി, അലിപുർ ദുവാർ, ഉത്തർ ദിനാജ്പൂർ, ഡാർജിലിംഗ് എന്നിവിടങ്ങളിൽ സഞ്ചരിച്ച് ജനുവരി 29ന് ബീഹാറിലെത്തും. പര്യടനം പൂർത്തിയാക്കിയ ശേഷം 29ന് തിരികെ ബംഗാളിലെത്തും. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മാൾഡ, മുർഷിദാബാദ് വഴിയാണ് പിന്നീട് യാത്ര.
ഇന്നലെ അസാമിലെ ബാർപേട്ടയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി ഹിമന്തയ്ക്കെതിരായ വിമർശനം രാഹുൽ ആവർത്തിച്ചു. ഹിമന്ത രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും എല്ലായ്‌പ്പോഴും വിദ്വേഷം പരത്തുകയും ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും ആരോപിച്ചു. കേസെടുത്ത് തന്നെ പേടിപ്പിക്കാമെന്ന ആശയം എവിടെ നിന്ന് കിട്ടിയെന്ന് രാഹുൽ ചോദിച്ചു. എത്ര കേസുകൾ ഫയൽ ചെയ്‌താലും ബി.ജെ.പിയെയും ആർ.എസ്.എസിനെയു ഭയപ്പെടുന്നില്ല. ജനുവരി 23 ന് ഗുവാഹത്തിയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിന്റെ പേരിലാണ് രാഹുലിനെതിരെ കേസെടുത്തത്.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് രാജ്യത്തെ ഒന്നാക്കാൻ ശ്രമിക്കുന്നു. ഭാരതം സ്‌നേഹത്തിന്റെ രാജ്യമാണ്, വെറുപ്പിന്റെ രാജ്യമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അക്രമം നടന്ന മണിപ്പൂരിൽ സന്ദർശനം നടത്താതിനെയും വിമർശിച്ചു.
ജോഡോ യാത്ര പൊളിക്കാൻ അസം മുഖ്യമന്ത്രി ഇടപെട്ടു: കെ.സി
യാതൊരു പ്രകോപനവും ഇല്ലാതെയാണ് കേസെടുത്തത്. ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭീഷണി തുടങ്ങി. എന്നാൽ യാത്രയ്‌ക്ക് അസമിൽ വലിയ സ്വീകാര്യത ലഭിച്ചതിൽ വിറളി പൂണ്ട് റൂട്ട് മാറ്റിയതിന്റെ പേരിൽ ആദ്യം കേസെടുത്തു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ യാത്രയെ ആക്രമിച്ചു.
ബതദ്രവ സത്രക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്ക് വിലക്കേർപ്പെടുത്തി. ബജ്‌റംഗ്ദളും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പ്രകടനം നടത്തിയ ഗുഹാവത്തിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു. രാഹുലിനെതിരെ കേസെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി അറിയിച്ചത് രാജ്യത്ത് കേട്ട് കേൾവിയില്ലാത്തത്.