
ദളിത് ജഡ്‌ജിമാർ മൂന്നായി
ന്യൂഡൽഹി : ജുഡീഷ്യറിയിൽ പ്രാഗത്ഭ്യം തെളിയിച്ച, പട്ടികവിഭാഗത്തിൽപ്പെട്ട കർണാടക ഹൈക്കോടതി ചീഫ് ജസ്റ്രിസ് പി.ബി. വരാലെയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്ര വിജ്ഞാപനം. സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എസ്.കെ. കൗൾ വിരമിച്ച ഒഴിവിലേക്കായിരുന്നു ശുപാർശ. ഇതോടെ പരമോന്നത കോടതിയിലെ ദളിത് ജഡ്ജിമാരുടെ എണ്ണം മൂന്നാകും. ജസ്റ്റിസ് ബി.ആർ.ഗവായ്, മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരാണ് മറ്റുള്ളവർ.
പട്ടികജാതി വിഭാഗത്തിലെ ഏറ്റവും മുതിർന്ന ഹൈക്കോടതി ജഡ്‌ജി, പട്ടികജാതിയിലെ ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ വസ്തുതകളും വരാലെയുടെ മികച്ച വിധിന്യായങ്ങളും കൊളീജിയം കണക്കിലെടുത്തു. ഉയർന്ന പ്രൊഫഷണൽ എത്തിക്സ് പാലിച്ചെന്നും കൊളീജിയം ചൂണ്ടിക്കാട്ടി. 2008ലാണ് ബോംബെ ഹൈക്കോടതിയിൽ വരാലെ ജഡ്‌ജിയാകുന്നത്. 2022 ഒക്ടോബറിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി.