ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠയ്‌ക്ക് മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി. അഞ്ച് നൂറ്റാണ്ട് ഇന്ത്യക്കാർ കണ്ട ചിരകാല സ്വപ്നം പ്രധാനമന്ത്രി സാക്ഷാത്കരിച്ചെന്ന് പ്രമേയത്തിൽ പറയുന്നു. ജനുവരി 22ന്റെ പ്രതിഷ്‌ഠാ കർമ്മത്തിന് നേതൃത്വം നൽകിയത് ചരിത്രത്തിൽ അതുല്യമാണ്. 1947ൽ രാജ്യത്തിന്റെ ശരീരം മാത്രമാണ് സ്വതന്ത്രമായത്. ഇപ്പോഴതിൽ ആത്മാവ് വിലയം കൊണ്ടു. ശ്രീരാമന്റെ ജീവിത സമർപ്പണത്തിനായി വിധി പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത് ആത്മീയപരമായ കാരണത്താലാണ്. അത് ഇന്ത്യയുടെ യഥാർത്ഥ വിധിയാണ്. പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ അവസരം ലഭിച്ച മന്ത്രിമാർ ഭാഗ്യവാൻമാരാണ്. ശ്രീരാമന്റെ പ്രതിഷ്ഠയോടെ ഒരു പുതിയ യുഗം ആരംഭിച്ചു. പ്രധാനമന്ത്രി പുതിയ യുഗത്തിന്റെ തുടക്കക്കാരനായെന്നും പ്രമേയത്തിൽ പറയുന്നു.