
രാജ്യം റിപ്പബ്ളിക് ആയതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലേക്കു കടക്കുകയാണ് നമ്മൾ. ഇന്ത്യ പരമാധികാര റിപ്പബ്ളിക് ആയത് 1950 ജനുവരി 26നാണ്. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും നാമൊരു ഡൊമിനിയനായാണ് 1950 വരെ പ്രവർത്തിച്ചത്. നമ്മുടെ ഭരണഘടന നിലവിൽ വരികയും, അങ്ങനെ ബ്രിട്ടീഷ് കോമൺവെൽത്തിനു കീഴിൽ സ്വതന്ത്രമായ ഡൊമിനിയൻ ആയിരുന്ന ഇന്ത്യ പരമാധികാര രാഷ്ട്രമായിത്തീരുകയും ചെയ്തതിന്റെ പ്രാധാന്യമാണ് ജനുവരി 26 ന്.
ഭരണഘടനാ നിർമ്മാണം 1949 നവംബർ 26ന് പൂണമാവുകയും ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളെല്ലാം ഒപ്പിടുകയും ചെയ്തെങ്കിലും ഭരണഘടന പൂർണമായും നടപ്പിലായത് 1950 ജനുവരി 26-നാണ്. അതിന് ഒരു കാരണമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929 ഡിസംബറിലെ ലാഹോർ സമ്മേളനത്തിലാണ് ആദ്യമായി ലക്ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്. ജനുവരി 26 സ്വാതന്ത്ര്യ ദിനമായി കൊണ്ടാടാനും ആസമ്മേളനം തീരുമാനിച്ചു. ആ സമ്മേളനത്തിൽ കോൺഗ്രസിന്റെ ത്രിവർണ പതാക ഉയർത്തിക്കൊണ്ട് അദ്ധ്യക്ഷനായിരുന്ന ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചു: നമ്മുടെ മനസിൽ ഒരു ലക്ഷ്യമേയുള്ളൂ- പൂർണ സ്വാതന്ത്ര്യം. 1930 മുതൽ കോൺഗ്രസ് എല്ലാ വർഷവും ജനുവരി 26 സ്വാതന്ത്ര്യ ദിനമായി കൊണ്ടാടാൻ തുടങ്ങി. അങ്ങനെ ലാഹോർ സമ്മേളനത്തിലെ പൂർണ സ്വാതന്ത്ര്യ പ്രഖ്യാപന ഓർമ്മയിലാണ് ജനുവരി 26 റിപ്പബ്ളിക് ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
അപരിചിത
ആശയങ്ങൾ
വലിയ ചരിത്രപ്രാധാന്യമുള്ളതാണ് ഇന്ത്യൻ ഭരണഘടന. അതിലടങ്ങിയ ഉദാത്തമായ സാമൂഹ്യ വീക്ഷണത്തിന്റെ പൊരുൾ നാം മനസിലാക്കണം. 1946 ഡിംസംബറിൽ ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച 'ഒബ്ജക്ടീവ് റെസൊലൂഷൻ" ആണ് ഈ സാമൂഹ്യവീക്ഷണത്തിന്റെ അടിസ്ഥാനമായത്. ഇന്ത്യൻ ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെ ആയിരിക്കണമെന്ന് ക്രാന്തദർശിയായ നെഹ്റു വിസ്തരിച്ചെഴുതിയിരുന്നു. സാമൂഹ്യനീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ആധുനിക ആശയങ്ങളാണ് അതിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ മുഖവുര (Preamble) തയ്യാറാക്കപ്പെട്ടത്.
എന്താണ് ഈ ആശങ്ങളുടെ പ്രത്യേകത? വർണ്ണ-ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ സമത്വമോ സാഹോദര്യമോ സാമൂഹ്യനീതിയോ ഉണ്ടായിരുന്നില്ല. ഈ ആശയങ്ങളെല്ലാം തന്നെ ഇന്ത്യൻ ജനസമൂഹത്തിന് പരിചയമില്ലാത്തതായിരുന്നു. ജനനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നവനെന്നും താഴ്ന്നവനെന്നും ചേരിതിരിവുണ്ടാക്കി, നികൃഷ്ടമായ വിവേചനം നിലനിന്നിരുന്ന സമൂഹമാണ് ഇവിടെയുണ്ടായിരുന്നത്. ഈ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും ദൈവി കമായ അനുവാദം നൽകുന്ന മതഗ്രന്ഥങ്ങളും അവയെ അരക്കിട്ടുറപ്പിക്കുന്ന ധർമ്മശാസ്ത്രങ്ങളും സമൂഹത്തെ വികൃതമാക്കിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്.
അങ്ങനെയുള്ള ഒരു സമൂഹത്തിനു മുന്നിലേക്കാണ് ഭരണഘടന സാമൂഹ്യ നീതി, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ പുതിയ ആശയങ്ങൾ കൊണ്ടുവന്നത്. ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരി ഗാന്ധിജിയോടു പറഞ്ഞത്, അയിത്ത ജാതിക്കാർ പാപജന്മങ്ങളായതിനാൽ മനുഷ്യരായി കാണാൻ കഴിയില്ലെന്നാണ്. ആ സാമൂഹ്യവീക്ഷണമാണ് ഭരണഘടനയ്ക്കു മുൻപ് ഇവിടെ നിലനിന്നിരുന്നത്. ഇരുണ്ട യുഗത്തിൽ ജീവിച്ച മനുഷ്യർക്ക് പ്രകാശത്തിന്റെ പൊൻകിരണങ്ങൾ നൽകിയത് ഈ ഭരണഘടനയാണ്.
മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണ്. അനേകം മതങ്ങളും വൈവിദ്ധ്യമാർന്ന ആചാരങ്ങളും വിശ്വാസങ്ങളും ഭാഷകളും ജീവിതരീതികളുമൊക്കെയുള്ള രാജ്യമാണിത്. ഈ രാജ്യത്തെ ഒരുമിച്ചു നിറുത്താനുള്ള ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് മതേതരത്വം എന്ന തത്വം നാം അംഗീകരിച്ചത്. ഇന്ത്യയ്ക്ക് ഒരു മതരാഷ്ട്രമായി നിലനിൽക്കാൻ സാദ്ധ്യമല്ല. കാരണം അനേകം മതങ്ങൾ ഇവിടെ നിലനിൽക്കുന്നു. ഭൂരിപക്ഷത്തെ ദേശീയ മതമാക്കിയാൽ മറ്റു മതവിശ്വാസികൾക്ക് ഭരണകൂടത്തിന്റെ നിക്ഷ്പക്ഷതയിൽ വിശ്വാസം നഷ്ടപ്പെടുകയും രാജ്യം ക്രമേണ അനൈക്യത്തിലേക്ക് നീങ്ങുകയും ചെയ്യും.
അതുപോലെ, ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യൻ ഭൂരിപക്ഷ സമൂഹത്തിൽ താഴെ നിൽക്കുന്നവരെ അധികാര കേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിറുത്താൻ ഉന്നതർ എപ്പോഴും ശ്രമിക്കും. അധികകാലം ആ ഒഴിവാക്കൽ തുടരാൻ കഴിയില്ല. കാരണം, ആ നടപടി സാമൂഹ്യ സംഘട്ടനങ്ങൾക്കും അക്രമങ്ങൾക്കും വഴിവയ്ക്കുമെന്നതു തന്നെ. ഇതെല്ലാം രാജ്യത്തിന്റെ ഐക്യത്തെയും സമൂഹത്തിന്റെ കെട്ടുറപ്പിനെയുമൊക്കെ തകർക്കാൻ പോന്നവയാണ്. ധർമ്മശാസ്ത്രങ്ങളുടെ അകമ്പടിയോടെ 21-ാം നൂറ്റാണ്ടിൽ ഭരണം നടത്താൻ സാധിക്കുകയില്ല. മതേതരത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അതു സാദ്ധ്യമാകൂ.
ഭരണകൂടത്തിന് മതമില്ല, ഭരണകൂടം ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇതാണ് മതേതരത്വത്തിന്റെ അടിസ്ഥാന തത്വം. അതേസമയം എല്ലാ മതങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനാകും. എല്ലാ മതങ്ങൾക്കും തുല്യമായ അവകാശം എന്ന തത്വം പ്രാവർത്തികമാക്കുന്നത് ഒരു മതേതര രാഷ്ട്രത്തിൽ മാത്രമാണ്. മതരാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങളുടെ മതങ്ങൾക്ക് ഒരു പരിഗണനയും ലഭിക്കാറില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ അനുഭവം മുന്നിലുണ്ട്.
മതാത്മക
രാഷ്ട്രീയം
മതേതരത്വം ഇന്ന് വലിയ ഭീഷണി നേരിടുകയാണ്. അക്രമാസക്തമായ ഒരു മതാത്മകത വളരുന്ന കാലഘട്ടമാണിത്. രാഷ്ട്രീയം മതത്തിന്റെ ഭാഷയും ചിഹ്നങ്ങളും ബിംബങ്ങളുമൊക്കെ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന് ജനങ്ങളുടെ വലിയ അംഗീകാരമുണ്ടെന്നുള്ളതും സത്യം തന്നെ. ഇന്ത്യയിലെ സാധാരണക്കാർ മതങ്ങളുടെ ഉപരിപ്ളവതലത്തിൽ വർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മതാത്മകതമായ രാഷ്ട്രീയം അവരെ അനായാസം സ്വാധീനിക്കുന്നു. 2019-ൽ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്റെ വിധിന്യായത്തിൽ, തിരഞ്ഞെടുപ്പുകളിൽ മതങ്ങളെക്കുറിച്ചോ, മതവിശ്വാസങ്ങളെക്കുറിച്ചോ പരാമർശിക്കാൻ പാടില്ലെന്നും അതുണ്ടായാൽ തിരഞ്ഞെടുപ്പ് അസാധുവാകാൻ കാരണമാകുമെന്നും പ്രസ്താവിച്ചിട്ടുണ്ട്.
ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന മൗലിക കടമകളിലൊന്ന് ശാസ്ത്രബോധം വളർത്താനുള്ളതാണ്. ഗോളാന്തര യാത്ര നടത്തുകയും സൂര്യചന്ദ്രന്മാരെ കീഴ്പ്പെടുത്തുകയുമൊക്കെ ചെയ്യുന്നത് ശാസ്ത്ര നേട്ടമാണ്, മതബോധം വളരുന്നത് അസംഭവ്യമായ, അശാസ്ത്രീയമായ കെട്ടുകഥകളിലൂടെയാണെന്നും മനസിലാക്കണം. മതം സമ്മാനിക്കുന്ന യുക്തിരഹിതവും അശാസ്ത്രീയവുമായ നിഗമനങ്ങൾ പേറി നടന്നാൽ ശാസ്ത്രബോധവും ശാസ്ത്രവും വളരില്ല. ശാസ്ത്രബോധം വളർത്തുകയെന്നതാകട്ടെ, നമ്മുടെ ലക്ഷ്യം.
(ലോക്സഭാ മുൻ സെക്രട്ടറി
ജനറലും ഭരണഘടനാ
വിദഗ്ദ്ധനുമാണ് ലേഖകൻ)