ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പി.ജി. മനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി 29ന് പരിഗണിക്കും. അതിജീവിതയുടെ വാദവും അന്ന് കേൾക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ അതിജീവിതയുടെ അഭിഭാഷക മറ്റൊരു കോടതിയിലായിരുന്നു. അൽപ്പസമയം കഴിഞ്ഞ് കേസ് വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പി.ജി. മനു സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയെ മാനഭംഗത്തിനിരയാക്കിയെന്ന കേസിലാണിത്. പി.ജി. മനുവിനെതിരെ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.