
ഇന്നലെ നയതന്ത്ര വിഷയങ്ങളും ചർച്ചയായി
ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വൻസ്വീകരണമൊരുക്കി രാജ്യം. ഇന്നലെ ഉച്ചയ്ക്ക് ജയ്‌പൂർ വിമാനത്താവളത്തിലെത്തിയ മാക്രോണിനെ രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയും, മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ചേർന്ന് സ്വീകരിച്ചു.
രാജസ്ഥാന്റെ നാടൻ കലാരൂപങ്ങളും, സംഗീതവും ഒരുക്കിയാണ് വരവേറ്റത്. അണിയിച്ചൊരുക്കിയ ഒട്ടകങ്ങളും ആനകളും നിരന്നു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ് ഷോ നടത്തി. ജയ്പൂരിലെ പ്രശസ്തമായ സാഹു ടീ സ്റ്റാളിൽ നിന്ന് ഇരുനേതാക്കളും മസാല ചായ കുടിച്ചു. രാത്രി താജ് രാംബാഗ് ഹോട്ടലിൽ ഇരുവരും കൂടിക്കാഴ്ച്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്ന നടപടികൾ ചർച്ചയായി. സിവിൽ ന്യൂക്ലിയർ എനർജി, ബഹിരാകാശ സാങ്കേതിക വിദ്യ, കാലാവസ്ഥ, ഭീകര വിരുദ്ധ പോരാട്ടം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം തുടങ്ങിയവ ചർച്ചയായി. ഫ്രാൻസിൽ നിന്ന് 26 റാഫേൽ - എം യുദ്ധവിമാനങ്ങളും, മൂന്ന് സ്കോർപീൻ അന്തർവാഹിനികളും വാങ്ങുന്നത് സംബന്ധിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് സൂചന.
ഇന്നലെ ജയ്പൂരിലെ അമേർ ഫോർട്ട്, ജന്തർ മന്ദർ, ഹവാ മഹൽ തുടങ്ങിയ സ്ഥലങ്ങൾ മാക്രോൺ സന്ദർശിച്ചു. അമേർ ഫോർട്ടിലെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു. രാത്രിയോടെ ഡൽഹിയിലെത്തി. ഇന്ന് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന മാക്രോൺ, രാത്രിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും.