
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ 2022 ജൂലായിൽ നക്‌സലൈറ്റ് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങവേ മലവെള്ളപ്പാച്ചിലിൽ വീരമൃത്യു വരിച്ച മലയാളി സി.ആർ.പി.എഫ് കമാൻഡോ ആർ.സൂരജിന് മരണാനന്തര ബഹുമതിയായി ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക്. കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് സ്വദേശിയാണ്. മലയാളികളായ ജസ്റ്റിൻ ജോർജ്ജ്, വിൽസൺ എന്നിവർക്ക് ജീവൻ രക്ഷാ പതക്കും പ്രഖ്യാപിച്ചു.
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സൂരജിന് പുറമേ മിസോറാമിലെ മാസ്റ്റർ ആന്റണി വന്മാവിയ, മെലഡി ലാൽരേംരുതി എന്നിവർക്കും (മരണാനന്തരം) സർവോത്തം ജീവൻ രക്ഷാപതക് ലഭിച്ചു. ഏഴുപേർക്ക് ഉത്തം ജീവൻ രക്ഷാ പതക്കും 21 പേർക്ക് ജീവൻ രക്ഷാ പതക്കും പ്രഖ്യാപിച്ചു.
കോട്ടയത്ത് വെള്ളപ്പൊക്കത്തിൽ പെട്ട 20 പേരെ നദിക്ക് കുറുകെ മരവും കയറും ഉപയോഗിച്ച് പാലം കെട്ടി വീരോചിതമായി രക്ഷപ്പെടുത്തിയതിനാണ് വിമുക്ത ഭടനായ ജസ്റ്റിൻ ജോർജ്ജിന് അവാർഡ്. ഓട്ടോ ഡ്രൈവറായ വിൽസൺ നിലമ്പൂർ ഗ്രാമത്തിലെ കുതിരപ്പുഴയാറിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിയ അച്ഛനെയും രണ്ട് കുട്ടികളെയും രക്ഷിച്ചിരുന്നു.ഇന്ത്യൻ തീരദേശ സേനയിലെ തത്രക്ഷക് മെഡൽവിശിഷ്ട സേവാ മെഡൽ മലയാളി ഡി.ഐ.ജി അനിൽകുമാർ പാറയിലിനാണ്.