bjp

ന്യൂഡൽഹി: കർണാടകത്തിൽ കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ( 68) ബി.ജെ.പിയിൽ തിരിച്ചെത്തി. സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഷെട്ടർ ബി.ജെ.പി വിട്ടതെങ്കിലും കോൺഗ്രസിലും നേട്ടമുണ്ടാക്കാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ സിറ്റിംഗ് മണ്ഡലമായ ഹുബ്ലി - ധാർവാഡിൽ മത്സരിച്ച ഷെട്ടർ തന്റെ മുൻ തിരഞ്ഞെടുപ്പ് മാനേജരായ ബി.ജെ.പിയുടെ മഹേഷ് തെംഗിനെക്കായിനോട് 34000ത്തിലേറെ വോട്ടുകൾക്ക് തോറ്റു. തുടർന്ന് കോൺഗ്രസ് അദ്ദേഹത്തെ ലെജിസ്ലേറ്റിവ് കൗൺസിലിൽ അംഗമാക്കിയിരുന്നു.

ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഷെട്ടറിനെ സ്വാഗതം ചെയ്‌തു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും അദ്ദേഹത്തിന്റെ മകനും സംസ്ഥാന പാർട്ടി അദ്ധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്രയും സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന വിശ്വാസത്തോടെയാണ് ബി.ജെ.പിയിൽ തിരിച്ചെത്തിയതെന്ന് ഷെട്ടർ പറഞ്ഞു. പാർട്ടി മുൻകാലങ്ങളിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ തന്നു. ചില പ്രശ്‌നങ്ങൾ കാരണം കോൺഗ്രസിലേക്ക് പോയി. എട്ട് - ഒമ്പത് മാസമായി ഒരുപാട് ചർച്ചകൾ നടന്നു. താൻ മടങ്ങി വരണമെന്ന് ബി.ജെ.പി പ്രവർത്തകരും യെദിയൂരപ്പയും വിജയേന്ദ്രയും ആഗ്രഹിച്ചിരുന്നുവെന്നും ഷെട്ടർ പറഞ്ഞു.

ലിംഗായത്ത് സമുദായക്കാരനായ ഷെട്ടർ ആറു തവണ എം. എൽ.എ ആയിട്ടുണ്ട്. 2012-13 കാലത്ത് 10 മാസം കർണാടക മുഖ്യമന്ത്രിയായിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ, സംസ്ഥാന മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികൾ വഹിച്ചു. 2008ൽ ബി.ജെ.പി ആദ്യമായി കർണാടകയിൽ ഭരണത്തിലേറിയപ്പോൾ സ്പീക്കറായിരുന്നു. കടുത്ത ആർ. എസ്. എസ് അനുഭാവിയായിരുന്നു.