nitheesh

ന്യൂഡൽഹി:മമത ബാനർജിയും ആം ആദ്മി പാർട്ടിയും കൈവിട്ടതിന് പിന്നാലെ പ്രതിപക്ഷ 'ഇന്ത്യ' സഖ്യത്തിലെ പ്രമുഖനും ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ വീണ്ടും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ പാളയത്തിലേക്ക് കൂറുമാറുമെന്ന് സൂചന. നിതീഷിന്റെ നീക്കങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയുടെ പ്രതീക്ഷകൾ കെടുത്തുന്നതാണ്.

നിതീഷും ജെ.ഡി.യുവും ബി.ജെ.പിയുമായി ചർച്ച തുടങ്ങിയതായി അറിയുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരിയെ ദേശീയ നേതൃത്വം അടിയന്തരമായി ഡൽഹിക്ക് വിളിച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കി. അതേസമയം, തിരിച്ചു വരാൻ നിതീഷ് ബീഹാർ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് എൻ. ഡി. എ ഉപാധി വച്ചതായും, ബീഹാർ നിയമസഭ പിരിച്ചു വിടാൻ നിതീഷ് കുമാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

ബീഹാർ മഹാമുന്നണിയിലെ സഖ്യകക്ഷിയായ ആർ.ജെ.ഡിക്കെതിരെ നടത്തിയ കുടുംബ രാഷ്‌ട്രീയ പരാമർശവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കുള്ള ക്ഷണം നിരസിച്ചതും നിതീഷ് മറുകണ്ടം ചാടുന്നതിന്റെ സൂചനയാവണം. ഈ മാസം 30ന് രാഹുലിന്റെ ന്യായ യാത്ര ബീഹാറിൽ കടക്കാനിരിക്കെയാണ് നിതീഷിന്റെ നീക്കങ്ങൾ.

'ഇന്ത്യ' മുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ അംഗീകരിക്കാത്തതിലും നിതീഷ് കുമാർ അസ്വസ്ഥനാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവിനെ പരിഗണിക്കണമെന്ന മമതയുടെയും അരവിന്ദ് കേജ്‌രിവാളിന്റെയും നിർദ്ദേശത്തിൽ ക്ഷുഭിതനായ നിതീഷ് മുന്നണി കൺവീനർ സ്ഥാനവും നിരസിച്ചു. അതേ മമതയും കേജ്‌രിവാളും ഇപ്പോൾ ഇന്ത്യ മുന്നണിയെ കൈവിട്ട മട്ടിലാണ്. ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്തത് നിതീഷാണ്.

കുടുംബ രാഷ്‌ട്രീയ പരാമർശം

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ ജന്മശതാബ്ദി റാലിയിലായിരുന്നു നിതീഷിന്റെ പരാമർശം. സ്വന്തം മകന് പോലും ടിക്കറ്റ് നൽകാത്ത നേതാവായിരുന്നു കർപ്പൂരി താക്കൂർ എന്നായിരുന്നു പരാമർശം. ഇത് ലാലു പ്രസാദ് യാദവിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. നിതീഷ് സർക്കാരിൽ ലാലുവിന്റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും മറ്റൊരു മകൻ തേജ് പ്രതാപ് മന്ത്രിയുമാണ്. മകൾ മിസ ഭാരതി രാജ്യസഭാംഗമാണ്. കർപ്പൂരി താക്കൂറിന് ഭാരത രത്നം നൽകിയ കേന്ദ്ര സർക്കാരിനെ നിതീഷ് അഭിനന്ദിക്കുകയും ചെയ്‌തു.

നിതീഷിനെ വിമർശിച്ച് ലാലുവിന്റെ സിംഗപ്പൂരിലുള്ള മകൾ രോഹിണി ആചാര്യ എക്സിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇവ പിന്നീട് പിൻവലിച്ചു. രോഹിണി നിതീഷിനോട് മാപ്പ് പറയണമെന്ന് ബീഹാർ ബി. ജെ. പി ഘടകം ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.

മുന്നണി മാറ്റം പതിവ്

1996ൽ സമതാ പാർട്ടി നേതാവായി വാജ്‌പേയി സർക്കാരിൽ മന്ത്രി

2003ൽ ജെ.ഡി.യുവിൽ ലയനം

2005ൽ ബീഹാർ മുഖ്യമന്ത്രി

2013ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടു

 2017ൽ ബീഹാറിലെ മഹാഗഡ്ബന്ധൻ മുന്നണി വിട്ട് വീണ്ടും എൻ.ഡി.എയിൽ

 2020ൽ എൻ.ഡി.എ ബാനറിൽ നിയമസഭാ തിരഞ്ഞെടുപ്പ് ജയം

 2022ൽ എൻ.ഡി.എ വിട്ട് വീണ്ടും മഹാഗഡ്ബന്ധൻ മുന്നണിയിലേക്ക്