
ന്യൂഡൽഹി: രാജ്യം സുപ്രധാന മാറ്റങ്ങളുടെ അമൃത് കാലത്തിലൂടെ കടന്നുപോകുകയാണെന്ന് 75-ാം റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠചരിത്രപരമായിരുന്നെന്നും പറഞ്ഞു. ഇത് ഇന്ത്യയുടെ നാഗരിക പൈതൃകത്തിന്റെ വീണ്ടെടുക്കലിലെ നാഴികക്കല്ലായി വിലയിരുത്തും. ജുഡിഷ്യൽ പ്രക്രിയയിൽ ജനങ്ങൾക്കുള്ള അപാരമായ വിശ്വാസത്തിന്റെ സാക്ഷ്യപത്രമായി ക്ഷേത്രം നിലകൊള്ളുന്നുവെന്നും പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പുരോഗതിയിലാണ്. ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥകളിൽ ഉയർന്ന തലത്തിലാണ് ഇന്ത്യ. തുടർവർഷങ്ങളിലും മികച്ച നില തുടരും. ചന്ദ്രയാൻ മൂന്ന് അടക്കം രാജ്യം ശാസ്ത്രരംഗത്ത് സുപ്രധാന നേട്ടങ്ങൾ കൈവരിച്ചു. 'അമൃത് കാലം' സാങ്കേതിക മാറ്രങ്ങളുടെ കാലഘട്ടമായിരിക്കും. വനിതാ സംവരണ നിയമം വിപ്ലവകരമായ ഉപകരണമാകും.സമാധാന മാർഗങ്ങളിലൂടെ സംഘർഷ മേഖലകളിൽ ശാന്തി ഉണ്ടാകട്ടെയെന്നും രാഷ്ട്രപതി പ്രതീക്ഷ പ്രകടിപ്പിച്ചു.