modi

ന്യൂഡൽഹി: രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമു അഭിവാദ്യം സ്വീകരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. നാരീ ശക്തി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സേനകളിലെ വനിതാ ഓഫീസർമാരാണ് പരേഡിന് നേതൃത്വം നൽകുക. ഡൽഹി പൊലീസിനെ മലയാളി ഐ.പി.എസ് ഓഫീസർ ശ്വേതാ കെ. സുഗതൻ നയിക്കും.

ചരിത്രത്തിലാദ്യമായി ശംഖ്, നാദസ്വരം, നാഗദ തുടങ്ങിയ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിച്ച് 100-ലധികം വനികൾ പരേഡിന് തുടക്കം കുറിക്കും. നാരി ശക്തിയെ പ്രതിനിധീകരിച്ച് ഫ്ലൈ പാസ്റ്റിൽ വനിതാ പൈലറ്റുമാരും പ്രേക്ഷകരെ ആകർഷിക്കും. അഡിഷണൽ ഡെപ്യൂട്ടി​ കമ്മി​ഷണർ ശ്വേതാ സുഗതൻ നയി​ക്കുന്ന ഡൽഹി പൊലീസ് സംഘത്തി​ൽ വനിതാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും അണിനിരക്കുക. മറ്റ് സായുധ സേനകളെ നയി​ക്കുന്നതും വനി​താ ഓഫീസർമാർ.

ലെഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ, മേജർ ജനറൽ സുമിത് മേത്ത എന്നി​വർ നേതൃത്വം നൽകുന്ന റി​പ്പബ്ളി​ക് ദി​ന പരേഡി​ൽ ഇക്കുറി​ ക്യാപ്റ്റൻ നോയലിന്റെ നേതൃത്വത്തിൽ 90 അംഗ ഫ്രഞ്ച് സായുധ സേനയും പങ്കെടുക്കും. ഇവർക്ക് അകമ്പടി​യായി​ 30 അംഗ ഫ്രഞ്ച് ബാൻഡ് സംഘവും അടി​വച്ച് നീങ്ങും. ഫ്രാൻസി​ൽ നി​ന്നുള്ള മൾട്ടി-റോൾ ടാങ്കർ വി​മാനവും രണ്ട് റാഫേൽ യുദ്ധവിമാനങ്ങളും സൈനികർക്ക് മുകളിലൂടെ പറക്കും.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, നാഗ് മിസൈൽ, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, പിനാക, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ സിസ്റ്റം 'സ്വതി', ഡ്രോൺ ജാമർ സിസ്റ്റം തുടങ്ങി​ ഇന്ത്യയുടെ ആധുനി​ക യുദ്ധ ഉപകരണങ്ങളും ആയുധങ്ങളും കർത്തവ്യപഥി​ൽ കാണാം.
സംസ്ഥാനങ്ങളുടെ നി​ശ്‌ചല ദൃശങ്ങളി​ൽ കേരളം ഇക്കുറി​യി​ല്ല. ഉത്തർപ്രദേശ് അയോദ്ധ്യ രാമക്ഷേത്രത്തി​ന്റെ മാതൃകയുമായെത്തും. കേന്ദ്ര സർക്കാർ പദ്ധതി​കളുടെ ഉപയോക്താക്കളെ വി​ശി​ഷ്‌ടാതി​ഥി​കളായി​ ക്ഷണി​ച്ചി​ട്ടുണ്ട്.