
ന്യൂഡൽഹി: കൽക്കട്ട ഹൈക്കോടതി ജഡ്ജി സൗമെൻ സെന്നിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായയുടെ വിധി അസാധാരണ സിറ്റിംഗിലൂടെ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി. പശ്ചിമ ബംഗാളിലെ എം.ബി.ബി.എസ് പ്രവേശന ക്രമക്കേട് ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയ ഉത്തരവാണ് സ്റ്റേ ചെയ്‌തത്. കൽക്കട്ട ഹൈക്കോടതിയിലെ നാടകീയ സംഭവങ്ങൾ വിവാദമായതോടെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, പ്രവൃത്തി ദിനമല്ലാതിരുന്നിട്ടും ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു. സംസ്ഥാന സർക്കാരിനും കൽക്കട്ട ഹൈക്കോടതിക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിഷയം നാളെ വീണ്ടും പരിഗണിക്കും. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്കായി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങി കൽക്കട്ട ഹൈക്കോടതി ജഡ്ജി സൗമെൻ സെന്നിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്.
എം.ബി.ബി.എസ് പ്രവേശന ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയ ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായയുടെ വിധി ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു. പിന്നാലെ, സി.ബി.ഐ അന്വേഷണം തുടരണമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായക്കെതിരെ വിധിയിൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
തൃണമൂലിനു വേണ്ടി
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ ഉയർന്ന അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഹർജികൾ കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് അമൃത സിൻഹയെ ജസ്റ്റിസ് സൗമെൻ സെൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം അമൃത സിൻഹ തന്നോട് വെളിപ്പെടുത്തിയെന്നും ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ പറയുന്നു. അമൃത സിൻഹയെ ചേംബറിലേക്ക് വിളിച്ചുവരുത്തി മൂന്ന് കാര്യങ്ങളാണ് സൗമെൻ സെൻ ആവശ്യപ്പെട്ടത്.
അഭിഷേക് ബാനർജി രാഷ്ട്രീയ ഭാവിയുള്ള നേതാവാണ്. ബുദ്ധിമുട്ടിക്കരുത്
അമൃത സിൻഹയുടെ കോടതിയിലെ ലൈവ് സ്ട്രീമിംഗ് നിറുത്തിവയ്ക്കും
അഭിഷേക് ബാനർജി ഉൾപ്പെട്ട രണ്ട് ഹർജികൾ തള്ളണം