rd-parade

ന്യൂഡൽഹി: ഭാരത സേനയുടെ സ്ത്രീശക്തി വിളിച്ചോതി രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിന പരേഡ്. രാജ്യത്തിന്റെ സൈനിക ശക്തിയും സമ്പന്നമായ സാംസ്കാരിക വൈവിദ്ധ്യവും തെളിയിക്കുന്ന പ്രൗഢോജ്ജ്വലമായ പരേഡാണ് നടന്നത്.

40 വർഷത്തിന് ശേഷം പരമ്പരാഗത കുതിരവണ്ടിയിൽ (ബഗ്ഗി)​ രാഷ്ട്രപതി എത്തി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. 1984 വരെയുണ്ടായിരുന്ന ഈ രീതി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെയാണ് നിറുത്തിയത്. മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം കുതിരവണ്ടിയിലുണ്ടായിരുന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ,​ പ്രധാനമന്ത്രി നരേന്ദ്ര മോദി,​ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി പ്രമുഖർ പരേഡ് കാണാനെത്തി. ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന എൻ.സി.സിയുടെ വാർഷിക റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.

 'ഡെയർ ഡെവിൾസ്"

കർത്തവ്യ പഥിൽ വിവിധ സേനാ വിഭാഗങ്ങളിലെയും പൊലീസിലെയും വനിതാ ഉദ്യോഗസ്ഥരുടെ ബൈക്ക് അഭ്യാസം ശ്വാസമടക്കി പിടിച്ചാണ് രാജ്യം കണ്ടത്. വിവിധ കലാരൂപങ്ങളും നടന്നു.

1. 112 കലാകാരികളുടെ വാദ്യ ഉപകരണ പ്രകടനം

2. ആദ്യമായി മൂന്ന് സേനാവിഭാഗങ്ങളിലെയും വനിതാ ഉദ്യോഗസ്ഥരുടെ പരേഡ്. മിലിട്ടറി പൊലീസ് ക്യാപ്റ്റൻ സന്ധ്യ നേതൃത്വം നൽകി

4. കേന്ദ്രസേനയിലെ 265 വനിതാ ഉദ്യോഗസ്ഥർ മോട്ടോർ സൈക്കിളുകളിൽ നടത്തിയ 'ഡെയർ ഡെവിൾസ്' പ്രകടനം

5. ഡൽഹി പൊലീസ് വനിതാ സംഘത്തെ നയിച്ചത് മലയാളി അഡി. ഡെപ്യൂട്ടി​ കമ്മി​ഷണർ ശ്വേതാ സുഗതൻ

6. സി.ആർ.പി.എഫിനെ നയിച്ചത് അസിസ്റ്റന്റ് കമാൻഡന്റ് മേഘ നായർ

 പരേഡിൽ ഫ്രഞ്ച് സേനയും

95 അംഗ ഫ്രഞ്ച് സായുധ സേനയും 30 അംഗ ഫ്രഞ്ച് ബാൻഡ് സംഘവും പരേഡിൽ അണിച്ചേർന്നു. ഫ്രാൻസിൽ നിന്ന് വാങ്ങിയ റാഫേൽ യുദ്ധവിമാനങ്ങളും എയർബസ് എ-330 മൾട്ടി-റോൾ ടാങ്കർ ട്രാൻസ്പോർട്ട് വി​മാനവും പറന്നു

 ഫ്ലോട്ടുകളിൽ രാംലല്ലയും

അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന രാംലല്ലയുടെ മാതൃകയായിരുന്നു ഉത്തർപ്രദേശിന്റെ ഫ്ളോട്ട്. ചന്ദ്രയാൻ മൂന്നും ബി.ആർ. അംബേദ്കർ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന് ഭരണഘടന കൈമാറുന്നതിന്റെ ഫ്ലോട്ടും ഉണ്ടായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ : കർത്തവ്യ പഥിൽ വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥകളുടെ ബൈക്ക് അഭ്യാസം