
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാൻ എം.എൽ.എമാർക്ക് 25 കോടി വീതം ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇതിനു പുറമേ സ്ഥാനാർത്ഥിക്കാമെന്നും വാഗ്ദാനമുണ്ട്.
ദിവസങ്ങൾക്കകം കേജ്‌രിവാൾ അറസ്റ്രിലാകും. സർക്കാരിനെ അട്ടിമറിക്കും. ആ സമയം കൂടെ വരണമെന്നാണ് എം.എൽ.എമാരോട് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു. 21 എം.എൽ.എമാരെ സമീപിച്ചിട്ടുണ്ടെന്ന് അവർ മറ്റ് ആം ആദ്മി എം.എൽ.എമാരെ അറിയിച്ചു. ഏഴ് പേരെ സമീപിച്ച കാര്യം സ്ഥിരീകരിച്ചു. അവർ വാഗ്ദാനം നിരസിച്ചു. തിരഞ്ഞെടുപ്പിൽ എ.എ.പിയെ പരാജയപ്പെടുത്താൻ കഴിയാത്ത ബി.ജെ.പി, സർക്കാരിനെ വീഴ്‌ത്താൻ വളഞ്ഞ വഴി പയറ്റുകയാണെന്ന് കേജ്‌രിവാൾ കുറ്റപ്പെടുത്തി. ഓപ്പറേഷൻ താമരയുമായി ബി.ജെ.പി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് നേരത്തേ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷിയും ആരോപണമുന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച ഓഡിയോ തെളിവുണ്ടെന്നും അവകാശപ്പെട്ടു.
സർക്കാരിനെ അട്ടിമറിക്കാൻ
മദ്യനയക്കേസ് അന്വേഷണത്തിന്റെ ഭാഗമായല്ലസർക്കാരിനെ അട്ടിമറിക്കാനാണ് എന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് കേജ്‌രിവാൾ.
ഒമ്പത് വർഷത്തിനുള്ളിൽ നിരവധി തവണ അവർ ശ്രമം നടത്തി. വിജയിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ എം.എൽ.എമാർ പാർട്ടിക്കൊപ്പം നിന്നു.
ഡൽഹിയിൽ ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്.
ജനങ്ങൾ എ.എ.പി സർക്കാരിനെ സ്‌നേഹിക്കുന്നു. അതുകൊണ്ട് പരാജയപ്പെടുത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ വ്യാജ ആരോപണം ഉന്നയിച്ച് സർക്കാരിനെ വീഴ്ത്താനാണ് ശ്രമം.
ആരോപണങ്ങൾ തള്ളി ബി.ജെ.പി
കേജ്‌രിവാളും മന്ത്രിമാരും ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ബി.ജെ.പി ഡൽഹി ഘടകം സെക്രട്ടറി ഹരീഷ് ഖുറാന അറിയിച്ചു. 2022ലും സമാനമായ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ തെളിവ് കാണിക്കുന്നില്ല. മദ്യനയക്കേസിൽ ഇ.ഡിയുടെ ചോദ്യങ്ങൾക്ക് കേജ്‌രിവാളിന് ഉത്തരമില്ല. കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.