d

ന്യൂഡൽഹി : ബീഹാറിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിലേക്ക് ഇന്ന് വീണ്ടും കൂടുമാറിയേക്കും. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിൽ ബി.ജെ.പി - ജെ.ഡി.യു ധാരണയായെന്നാണ് സൂചന. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കം മന്ത്രിസഭയിലെ ആർ.ജെ.ഡി അംഗങ്ങളെ ഇന്ന് പുറത്താക്കിയേക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ നിതീഷ് അവകാശവാദമുന്നയിക്കുമെന്നും, മുഖ്യമന്ത്രിയായി ഇന്നോ നാളെയോ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് സൂചന. ഒൻപതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ഇന്നലെ രാത്രിയും പട്നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ജെ.ഡി.യു നേതാക്കളും എം.എൽ.എമാരും യോഗം ചേർന്നു. അതേസമയം, വിഷയത്തിൽ തീരുമാനമെടുക്കാൻ ആർ.ജെ.ഡി നേതാക്കൾ യോഗം ചേർന്ന് പാർട്ടി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ ചുമതലപ്പെടുത്തി. മറുകണ്ടം ചാടിയാൽ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷിനോട് ആർ.ജെ.ഡി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

 മാഞ്ചിയെ റാഞ്ചാൻ കോൺഗ്രസ്

എൻ.ഡി.എ ഘടകകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ പാർട്ടിയെ 'ഇന്ത്യ' മുന്നണിയുടെ പാളയത്തിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബീഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ പാർട്ടി നേതാവുമായ ജിതൻ റാം മാഞ്ചിയെ ഫോണിൽ വിളിച്ചെന്നാണ് വിവരം. ആർ.ജെ.ഡിയും തങ്ങളുടെ നിലയിൽ ശ്രമിക്കുന്നുണ്ട്. അതേസമയം, മാഞ്ചി വിട്ടുപോകാതിരിക്കാൻ ബി.ജെ.പിയും കരുനീക്കങ്ങളിലാണ്. ഇന്നലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സമ്രാട്ട് ചൗധരി മാഞ്ചിയെ വീട്ടിലെത്തി കണ്ടു. നാല് എം.എൽ.എമാരാണ് പാർട്ടിക്കുള്ളത്.

 127 എം.എൽ.എമാരുടെ പിന്തുണ

നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 45 എം.എൽ.എമാരും, ബി.ജെ.പിക്ക് 78, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ പാർട്ടിയുടെ നാല് പേരും ചേർന്ന് 127 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. 122 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.

 ഖാർഗെ വിളിച്ചു,​ കിട്ടിയില്ല

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്നലെ പലതവണ നിതീഷിനെ ഫോണിൽ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. നിതീഷ് തിരിച്ചുവിളിച്ചപ്പോൾ ഖാർഗെയും തിരക്കിലായിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഭൂപേഷ് ബാഗേലിനെ നിരീക്ഷകനായി ബീഹാറിലേക്ക് പാർട്ടി അയച്ചിട്ടുണ്ട്.