nitheesh

ന്യൂഡൽഹി: ഇന്ത്യ മുന്നണിക്ക് തിരിച്ചടിയും ബി.ജെ.പിക്ക് നേട്ടവും നൽകുന്നതാണ് നിതീഷ് കുമാറിന്റെ നീക്കം.

രണ്ടു വർഷം മുൻപ് നിതീഷ് എൻ.ഡി.എ വിട്ട് മഹാമുന്നണിയിൽ ചേർന്നപ്പോൾ ഇനി അദ്ദേഹത്തെ തിരികെ കയറ്റില്ലെന്ന വാക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മറന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്.

ബീഹാറിൽ 40 സീറ്റിൽ 39ലും ജയിച്ച 2019ലെ നേട്ടം നിലനിറുത്തുകയാണ് ബി.ജെ.പി ലക്ഷ്യം. 2024ൽ 400 സീറ്റുകൾ കൈവരിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ" മുന്നണി തടസമാകുമെന്ന് ബി.ജെ.പി ഭയപ്പെടുന്നുണ്ട്. അതിനാലാണ് 'ഇന്ത്യ" രൂപീകരണത്തിന് തുടക്കമിട്ട നിതീഷിനെ ഇളക്കിയെടുത്തത്.

ബീഹാറിൽ നിതീഷും ഭരണവും ഒപ്പമുള്ളത് ബി.ജെ.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിതീഷ് എത്രകാലം മുന്നണിയിൽ തുടരുമെന്നത് ബി.ജെ.പിക്ക് വിഷയമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

അതേസമയം ബീഹാറിൽ മഹാമുന്നണി തകർന്നതും നിതീഷ് മറുകണ്ടം ചാടിയതും 'ഇന്ത്യ' പക്ഷത്തിന്റെ പ്രതീക്ഷകൾക്ക് വൻ പ്രഹരമായി. മുന്നണിക്കുള്ളിൽ നിതീഷിന് അതൃപ്‌തിയുണ്ടായിരുന്നെങ്കിലും നീതീഷ് എൻ.ഡി.എയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചില്ല.

'ഇന്ത്യ" സമ്മർദ്ദത്തിൽ രാജിവച്ചയുടൻ 'ഇന്ത്യ'യുടെ ദൗർബല്യങ്ങളാണ് നിതീഷ് പറഞ്ഞത്. മുന്നണി പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ തൃണമൂൽ കോൺഗ്രസും പഞ്ചാബിൽ ആംആദ്‌മി പാർട്ടിയും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ 'ഇന്ത്യ" സമ്മർദ്ദത്തിലായി. പിന്നാലെയാണ് നിതീഷിന്റെ 'വാക്കൗട്ട്'ആഘാതം.

കോൺഗ്രസിന്റെ നിലപാടുകൾ മുന്നണിക്ക് ഗുണം ചെയ്യില്ല. മുന്നണിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതാണ് നിതീഷിനെ നിരാശനാക്കിയത്. ബി.ജെ.പിയെ നേരിടാൻ തയ്യാറെടുപ്പ് തുടങ്ങിയില്ല.സഖ്യ കക്ഷികൾക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് കൂടുതൽ സീറ്റുകൾ തരപ്പെടുത്താൻ ശ്രമിക്കുന്നു. നിലനിൽപ്പിനായി പ്രാദേശിക ശക്തികളെ ഇല്ലാതാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.

-കെ.സി. ത്യാഗി

ജെ.ഡി.യു നേതാവ്