kk

ഇന്ത്യ സഖ്യത്തിന് വൻ പ്രഹരം

ന്യൂഡൽഹി: കാലുമാറ്റ രാഷ്‌ട്രീയത്തിന്റെ ആൾരൂപമായ ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാർ (72) ബീഹാറിൽ മഹാമുന്നണി സർക്കാരിനെ വീഴ്‌ത്തി ബി.ജെ.പി പിന്തുണയോടെ വീണ്ടും അധികാരമേറ്റു. റെക്കാഡിട്ട് 9-ാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടിഞ്ഞാണിടാൻ കോൺഗ്രസ് നേതൃത്തിൽ രൂപീകരിച്ച ഇന്ത്യ മുന്നണി വൻ പ്രതിസന്ധിയിലായി.

ഇന്നലെ വൈകിട്ട് പാറ്റ്‌ന രാജ്ഭവനിൽ ബി.ജെ.പി നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയ സിൻഹയും ഉപമുഖ്യമന്ത്രിമാരായും ഡോ.പ്രേംകുമാർ (ബി.ജെ.പി), വിജയ് കുമാർ ചൗധരി, ബിജേന്ദ്രപ്രസാദ് യാദവ്, ശ്രാവൺ കുമാർ (ജെ.ഡി.യു), ഡോ. സന്തോഷ് കുമാർ (എച്ച്.എ.എം), സുമിത് കുമാർ (സ്വതന്ത്രൻ) എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്‌തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
'ഇന്ത്യ' മുന്നണിയിലും ആർ.ജെ.ഡിയുമായുമുള്ള ഭിന്നതകളെ തുടർന്ന് നിതീഷ് വീണ്ടും ബി.ജെ.പിയുമായി അടുക്കുകയായിരുന്നു. മഹാമുന്നണി സഖ്യകക്ഷികളായ ആർ.ജെ.ഡിയും കോൺഗ്രസും സത്യപ്രതിജ്ഞയിൽ പങ്കെടുത്തില്ല.

2022 ആഗസ്റ്റിൽ രൂപീകരിച്ച മഹാമുന്നണി സർക്കാരിന് ഇടതുപക്ഷം അടക്കം 165 പേരുടെ പിന്തുണയുണ്ടായിരുന്നു. ഇക്കുറി 9 കോൺഗ്രസ് എം.എൽ.എമാരും നിതീഷിനെ പിന്തുണയ്‌ക്കുമെന്നാണ് സൂചന.

ഇന്നലെ സംഭവിച്ചത്

രാവിലെ 11ന് ഗവർണർക്ക് നിതീഷ് കുമാറിന്റെ രാജി

 12.30ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം

 വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ

128പേരുടെ പിന്തുണ

 ആകെ സീറ്റ് 243

കേവല ഭൂരിപക്ഷം 122

ജെ.ഡി.യു+ബി.ജെ.പി+ഹിന്ദുസ്ഥാനി അവാമി മോർച്ച+സ്വതന്ത്രൻ: 128

പ്രതിപക്ഷം:

ആർജെഡി-79, കോൺഗ്രസ്-19, ഇടതുപാർട്ടികൾ-16 (114)

രണ്ട് മുന്നണിയിലും പെടാതെ എ.ഐ.എം.ഐ.എം 1

നിതീഷിന്റെ കാലു മാറ്റങ്ങൾ

11 വർഷത്തിനിടെ നാലാം തവണ

2013ൽ എൻ.ഡി.എ വിട്ട് ആർ.ജെ.ഡിക്കൊപ്പം.

2017-ൽ വീണ്ടും എൻ.ഡി.എയിൽ.

2022 ആഗസ്റ്റിൽ എൻഡി. എ വിട്ട് മഹാമുന്നണിയിൽ

2024ൽ വീണ്ടും എൻ.ഡി.എയിൽ

''ഇന്ത്യ മുന്നണി പ്രതീക്ഷ തെറ്റിച്ചു. ജെ.ഡി.യുവിന് യോജിച്ച് പോകാനായില്ല.

-നിതീഷ് കുമാർ


'ഇത് പ്രതീക്ഷിച്ചത്. ഇതുപോലെ നിരവധി ‘ആയാ റാം-ഗയാ റാം’ ആളുകൾ രാജ്യത്തുണ്ട്. നിതീഷ് മുന്നണി വിടുമെന്ന് ലാലു പ്രസാദും തേജസ്വി യാദവും (ആർ.ജെ.ഡി) പറഞ്ഞിരുന്നു.

-മല്ലികാർജ്ജുന ഖാർഗെ, കോൺഗ്രസ് അദ്ധ്യക്ഷൻ


'നിതീഷ് കുമാർ ഓന്തിനെപ്പോലെയാണ്. ഈ വഞ്ചന ബീഹാറിലെ ജനങ്ങൾ പൊറുക്കില്ല. രാഹുൽ ഗാന്ധിയുടെ യാത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഭയമാണെന്ന് തെളിഞ്ഞു.

-ജയ്‌റാം രമേശ് (കോൺഗ്രസ്)