
ന്യൂഡൽഹി: നിസ്വാർത്ഥ സേവനം നടത്തുന്നവരെയും അറിയപ്പെടാത്തവരെയും പദ്‌മ അവാർഡ് നൽകി ആദരിക്കാൻ കേന്ദ്ര സർക്കാരിനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സർക്കാർ വരുത്തിയ മാറ്റങ്ങൾ പദ്‌മ അവാർഡിന് ജനകീയ സ്വഭാവം നൽകിയെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിന്റെ ഇക്കൊല്ലത്തെ ആദ്യ എപ്പിസോഡിൽ അദ്ദേഹം വ്യക്തമാക്കി.
ശ്രീരാമന്റെ ഭരണം ഭരണഘടനാ നിർമ്മാതാക്കൾക്ക് പ്രചോദനം നൽകിയെന്നും അയോദ്ധ്യയിലെ തന്റെ പ്രസംഗം ഓർമ്മപ്പെടുത്തിയ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന നിരവധി ആളുകൾക്ക് ഇത്തവണയും പദ്മ അവാർഡ് ലഭിച്ചു. ഇവരെക്കുറിച്ച് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അവർ പത്രങ്ങളുടെ മുൻ പേജിലോ, ജനശ്രദ്ധയിലോ വരാറില്ല. പുരസ്‌കാര പ്രഖ്യാപന ശേഷം ഇത്തരക്കാരെ ജനം തിരിച്ചറിയുന്നു. 650 ലധികം ഇനം നെല്ലുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച കാസർഗോഡ് സ്വദേശി സത്യനാരായണ ബെലേരിയെപ്പോലുള്ളവരെ ഇങ്ങനെ അറിഞ്ഞു.
പദ്മ പുരസ്‌കാര നിർണയ രീതി പൂർണ്ണമായും മാറിയതോടെയാണ് ജനകീയ സ്വഭാവം കൈവന്നത്. ജനങ്ങൾക്ക് സ്വയം നാമനിർദ്ദേശം ചെയ്യാനാകും. 2014നെ അപേക്ഷിച്ച് ഇത്തവണ 28 മടങ്ങ് കൂടുതൽ നോമിനേഷനുകൾ ലഭിച്ചത് അങ്ങനെയാണ്. പുരസ്‌കാരത്തിന്റെ അന്തസും വിശ്വാസ്യതയും ബഹുമാനവും ഓരോ വർഷവും വർദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.