supreme-court

ന്യൂഡൽഹി : കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണപ്പട്ടിക പുതുക്കുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ ഉരുണ്ടുകളി. സംവരണ പട്ടിക പുതുക്കാൻ ജാതി സെൻസസ് നടത്തുമോയെന്നുപോലും വ്യക്തമാക്കാതെയാണ് ചീഫ് സെക്രട്ടറി ഡോ. വി. വേണു ഇതു സംബന്ധിച്ച് ഇന്നലെ സത്യവാങ്മൂലം നൽകിയത്. കേന്ദ്രസർക്കാർ 2011ൽ ജാതി സെൻസസ് നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമവും സത്യവാങ്മൂലത്തിലുണ്ട്.

കേരളത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നില്ലെന്നും, സാമൂഹ്യ-സാമ്പത്തിക പഠനം നടത്തുന്നില്ലെന്നും ആരോപിച്ചുള്ള കോടതിയലക്ഷ്യഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. ജാതി സെൻസസ് നടത്തുന്നത് ചില സമുദായങ്ങൾക്ക് പ്രതികൂലമായേക്കുമെന്നും, ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങിവയിൽ അത് തിരിച്ചടിയായേക്കുമെന്നും സർക്കാർ ഭയപ്പെടുന്നുണ്ടെന്നാണ് സൂചന. കേസ് ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും.

 കേരളം സുപ്രീം കോടതിയിൽ അറിയിച്ചത്

1. കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്തിയിരുന്നു. അത് 2011ൽ പൂർത്തിയായി. റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇക്കാര്യം സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

2. സാമൂഹ്യ-സാമ്പത്തിക പഠന റിപ്പോർട്ട് അന്തിമമാക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്തമുണ്ട്. ഹൈക്കോടതി, സുപ്രീംകോടതി വിധികൾ കേന്ദ്രസർക്കാരിനും ബാധകമാണ്.

3. ജാതി സെൻസസ് റിപ്പോർട്ട് കൈമാറണമെന്ന് 2022 നവംബറിൽ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കേരളത്തിലെ പട്ടികവിഭാഗങ്ങളെ തിരിച്ചറിയാൻ വേണ്ടിയായിരുന്നു ഇത്.

4. 2023 മേയ് 25ന് കേരള പട്ടിക വിഭാഗ കമ്മിഷന് റിപ്പോർട്ട് കേന്ദ്രം കൈമാറി. പക്ഷേ, ആ റിപ്പോർട്ട് കേരളത്തിലെ പട്ടികവിഭാഗത്തെ കണ്ടെത്താൻ സഹായകരമല്ല.

5. കേന്ദ്ര റിപ്പോർട്ടിൽ സാമൂഹ്യ സാമ്പത്തിക ജാതി കണക്കുകൾ ലഭ്യമല്ല. പട്ടികവിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.


 ഹർജിയിൽ ഉന്നയിക്കുന്നത്

ഇന്ദിരാ സാഹ്നി വിധി (മണ്ഡൽ കമ്മിഷൻ വിധി) വന്ന് 30 വർഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാൻ ബോധപൂർവമായ വീഴ്ച വരുത്തുന്നുവെന്നാണ് ഹർജിക്കാരായ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷന്റെ പരാതി. കേന്ദ്ര സർക്കാർ ജോലികളിലെ ഒ.ബി.സി സംവരണം ശരിവച്ച കോടതി, സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണമെന്ന പരിധിയും നിശ്ചയിച്ചിരുന്നു. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള സാമൂഹ്യ - സാമ്പത്തിക പഠനം നടത്തി അതിന്റെ റിപ്പോർട്ട് സംസ്ഥാന പട്ടികവിഭാഗ കമ്മിഷന് കൈമാറാൻ 2020 സെപ്തംബർ എട്ടിന് കേരള ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. കമ്മിഷൻ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ശുപാർശകൾ സംസ്ഥാന സർക്കാരിന് കൈമാറണം. ആറുമാസം സമയമാണ് ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി അന്ന് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി നൽകിയ സമയത്തിനു പുറമെ ഒരു വർഷം കൂടി 2021 ജൂണിൽ അനുവദിച്ചു. എന്നാൽ, ഇതുവരെയും ഉത്തരവ് നടപ്പാക്കാൻ നടപടിയുണ്ടായില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.