
ന്യൂഡൽഹി : സഹജഡ്ജിക്കെതിരെ തൃണമൂൽ ബന്ധമടക്കം വിവാദത്തിൽപ്പെട്ട ഹർജികൾ കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് തീരുമാനം. പശ്ചിമ ബംഗാളിലെ എം.ബി.ബി.എസ് പ്രവേശനത്തിൽ ക്രമക്കേട് ആരോപിച്ചുള്ള ഹർജികളാണിവ.
സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശനിയാഴ്ച് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. മമതയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കായി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഹൈക്കോടതി ജഡ്ജി സൗമെൻ സെന്നിനെതിരെ ഗുരുതര ആരോപണങ്ങളാണ് ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ ഉന്നയിച്ചിരുന്നത്. വിവാദത്തിന് പിന്നാലെ പരമോന്നത കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അഭിഷേക് ബാനർജിക്കെതിരെ അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഹർജികൾ കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ്.