budjet

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെയും 17-ാം ലോക്‌സഭയുടെയും അവസാന പാർലമെന്റ് സമ്മേളനത്തിന് ഇന്ന് കൊടിയേറും. രാഷ്ട്രപതി ദ്രൗപദി മുർമു രാവിലെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ വരുന്നത് വരെയുള്ള വരവു ചെലവു കണക്കുകൾക്കായുള്ള ഇടക്കാല ബഡ്‌ജറ്റ് നാളെ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും. സമ്മേളനം ഫെബ്രുവരി 9ന് സമാപിക്കും.

ഇടക്കാല സമ്മേളനമാണെന്നും പ്രതിഷേധങ്ങളൊഴിവാക്കി പ്രതിപക്ഷം സഹകരിക്കണമെന്നും പ്ളക്കാർഡുമായി സഭയിൽ വരരുതെന്നും പാർലമെന്ററി മന്ത്രി പ്രൾഹാദ് ജോഷി സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.

ശൈത്യകാല സമ്മേളനത്തിലെ സുരക്ഷാ വീഴ്‌ച, കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യൽ, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ സൂചിപ്പിച്ചു. 30 പാർട്ടികളിൽ നിന്ന് 45 നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

ശൈത്യകാല സമ്മേളനത്തിനിടെ സസ്‌പെൻഡ് ചെയ്യപ്പെട്ട എല്ലാ എംപിമാർക്കും ബഡ്‌ജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് മന്ത്രി അറിയിച്ചു. പാർലമെന്റ് സുരക്ഷാ വീഴ‌്ചയിൽ ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന ആവശ്യപ്പെട്ട് പ്രതിഷേധിച്ച 146 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. 132 പേരുടെ സസ്‌പെൻഷൻ ശൈത്യകാല സമ്മേളനത്തോടെ കഴിഞ്ഞിരുന്നു. പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടവരുടെ കാര്യത്തിലാണ് സർക്കാർ ശുപാർശയുണ്ടായത്.

കേന്ദ്രം മൗനം വെടിയണം: സി.പി.ഐ

പാർലമെന്റ് സുരക്ഷാ വീഴ്‌ച സംബന്ധിച്ച് കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് സർവകക്ഷി യോഗത്തിൽ സി.പി.ഐ പ്രതിനിധി അഡ്വ. പി സന്തോഷ് കുമാർ ആവശ്യപ്പെട്ടു. അന്നത്തെ സംഭവം, അന്വേഷണം എന്നിവ സർക്കാർ വിശദീകരിക്കണം.

കേരളം അടക്കം സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര നിലപാട് സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡൽഹിയിൽ സമരം ചെയ്യേണ്ട സാഹചര്യമാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികൾ കേരളത്തിന് അധികഭാരമാണെന്നും പറഞ്ഞു.