soran

ന്യൂഡൽഹി: ചോദ്യം ചെയ്യാനെത്തിയ ഇ.ഡി സംഘത്തെ വെട്ടിച്ച് മുങ്ങിയ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പൊങ്ങി. ഇ.ഡി അറസ്റ്റ് മുന്നിൽ കണ്ട് രാജിവയ്‌ക്കാനും ഭാര്യ കൽപന സോറനെ മുഖ്യമന്ത്രിയാക്കാനും നീക്കമുണ്ട്. അതിനിടെ സോറന്റെ ഡൽഹിയിൽ വസതിയിൽ നിന്ന് 36 ലക്ഷം രൂപയും ഒരു ആഡംബര കാറും ഇഡി പിടിച്ചെടുത്തു. സോറൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും.

ജനുവരി 27ന് എത്തിയ സോറനെ ചോദ്യം ചെയ്യാൻ ദക്ഷിണ ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി എത്തിയ ഇ.ഡി സംഘം 13 മണിക്കൂർ കഴിഞ്ഞാണ് മടങ്ങിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയും വെറൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഹരിയാന നമ്പർ പ്ലേറ്റുള്ള ബി.എം.ഡബ്ല്യു കാറും ചില രേഖകളും പിടിച്ചെടുത്തു. സോറൻ ജാർഖണ്ഡിലേക്ക് മടങ്ങിയെന്ന വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലൊന്നും പെടാതെ ഇന്നലെ റാഞ്ചിയിലെത്തിയ സോറൻ എം.എൽ.എമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്‌തു. യോഗത്തിൽ ഭാര്യ കൽപനയും പങ്കെടുത്തതോടെ അറസ്റ്റുണ്ടായാൽ അവരെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹവും ഉണ്ടായി.

ജനുവരി 31ന് മുൻപ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് രാഷ്‌ട്രീയ പ്രേരിതവും ജാർഖണ്ഡ് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടപ്പെടുത്തുന്നതുമാണെന്ന് സോറൻ ആരോപിച്ചു. ഫെബ്രുവരി രണ്ടുമുതൽ 29വരെ നീളുന്ന നിയമസഭാ ബഡ‌്‌ജറ്റ് സമ്മേളന തിരക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പിന്നീട് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

നൂറുകണക്കിന് സായുധ സൈനികരുമായി മുഖ്യമന്ത്രിയുടെ ഡൽഹി വസതിയിൽ ഇഡി എത്തിയത് നിയമവിരുദ്ധമാണെന്ന് ജെ.എം.എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. 31ന് ഹാജരാകുമെന്ന് സോറൻ അറിയിച്ചിട്ടും തിടുക്കപ്പെട്ട് വന്നതെന്തിന്. ഒരാഴ്‌ച മുൻപ് ഒരു മണിക്കൂർ ചോദ്യം ചെയ്‌തതുമാണ്. ജാർഖണ്ഡിലെ 3.5 കോടി ജനങ്ങളെ അപമാനിക്കലാണിത്.