supreme-court

ന്യൂഡൽഹി: ജാതിയുടെ പേരിലല്ല സ്ത്രീ അപമാനിക്കപ്പെട്ടതെങ്കിൽ പട്ടികവിഭാഗ അതിക്രമം തടയൽ നിയമപ്രകാരം ആ കുറ്റത്തിന് പ്രതിയെ ശിക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പട്ടികവിഭാഗത്തിലെ വ്യക്തിക്ക് നേരെയുണ്ടായത് ജാതി അതിക്രമം തന്നെയായിരിക്കണം. പട്ടികവിഭാഗത്തിലെ സ്ത്രീയാണെന്ന് അറിഞ്ഞു കൊണ്ടായിരിക്കുകയും വേണം. ഇക്കാര്യം നിയമത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പരമോന്നത കോടതിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്‌ജിമാരിൽ ഒരാളാണ് ബി.ആർ. ഗവായ് എന്നത് ശ്രദ്ധേയമാണ്.

വീട്ടുജോലിക്കാരിയെ അപമാനിച്ചെന്ന കേസിലെ പ്രതിയെ പട്ടികവിഭാഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് മുക്തമാക്കി കൊണ്ടാണ് കോടതിയുടെ നിലപാട്. പട്ടികവിഭാഗത്തിലെ സ്ത്രീയെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ കുറ്റമല്ലെന്ന് കണ്ടെത്തി. ഛത്തീസ്ഗഢിലെ വിചാരണക്കോടതി ഇന്ത്യൻ ശിക്ഷാനിയമം, എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചിരുന്നത്. ഹൈക്കോടതി ഐ.പി.സി പ്രകാരമുള്ള കുറ്റങ്ങളിൽ വെറുതെ വിട്ടെങ്കിലും പട്ടികവിഭാഗ അതിക്രമം തടയൽ നിയമത്തിലെ കുറ്റങ്ങളിലെ ശിക്ഷ ശരിവച്ചു. തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.