supreme-court

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ കണ്ടെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തെ ശാസ്ത്രീയ സർവേയ്ക്ക് വിധേയമാക്കണമെന്ന് ഹൈന്ദവ കക്ഷികൾ സുപ്രീംകോടതിയിൽ. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയെ ഉപയോഗിച്ച് പരിശോധന നടത്തണമെന്നാണ് ആവശ്യം. മസ്ജിദിലെ പ്രാർത്ഥനയ്ക്ക് മുൻപായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സഥലമാണ് വുദുഖാന (വാട്ടർ ടാങ്ക്). അവിടെ ശിവലിംഗം കണ്ടെത്തിയെന്നാണ് വാദം. അത് ജലധാരയാണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ നിലപാട്. ജലധാരയാണെന്ന് മസ്ജിദ് കമ്മിറ്റി തന്നെ പറയുന്ന സാഹചര്യത്തിൽ മതപരമായി മുസ്ലിം സമുദായത്തിന് പ്രാധാന്യമുള്ളതല്ലെന്നാണ് മനസിലാക്കുന്നതെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഹൈന്ദവ കക്ഷികൾ ചൂണ്ടിക്കാട്ടി.

ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന മസ്ജിദ് വളപ്പിലെ മേഖല സീൽ ചെയ്യാൻ 2022 മേയ് മാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഭാഗമൊഴികെ പള്ളി വളപ്പിലെ മുഴുവൻ ഇടങ്ങളിലും ശാസ്ത്രീയ സർവേ നടത്താൻ 2023 ആഗസ്റ്റ് നാലിന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്ക്ക് അനുമതിയും നൽകി. സർവേ റിപ്പോർട്ട് വാരാണസി ജില്ലാക്കോടതിയിൽ എ.എസ്.എ സമർപ്പിച്ചിരുന്നു. മേഖലയിൽ മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ടെന്ന് ഹൈന്ദവ കക്ഷികളുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ വെളിപ്പെടുത്തിയിരുന്നു.