
ന്യൂഡൽഹി: പല സമയങ്ങളിലായി ഇന്റർനെറ്റ് വിലക്കിയതുമായി ബന്ധപ്പെട്ട അവലോകന സമിതി ഉത്തരവുകൾ കെട്ടിപൂട്ടി വയ്ക്കാനുള്ളതല്ലെന്നും പ്രസിദ്ധീകരിക്കണമെന്നും ജമ്മു കാശ്മീർ കേന്ദ്രഭരണപ്രദേശത്തോട് സുപ്രീംകോടതി. രാജ്യത്ത് പലയിടങ്ങളിലും അടിക്കടി ഇന്റർനെറ്ര് നിരോധനം ഏർപ്പെടുത്തുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് നിർദ്ദേശം. ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കാശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ സമർപ്പിച്ചിരുന്ന ഹർജികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അദ്ധ്യക്ഷനായി 2020ൽ ഉന്നതല അവലോകന സമിതി രൂപീകരിച്ചിരുന്നു. ഇന്റർനെറ്റ് നിരോധനത്തിന്റെ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനും നിർദ്ദേശിച്ചു. എന്നാൽ, സമിതിയുടെ ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഇന്നലെ ഹർജിക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഇവ പ്രസിദ്ധീകരിക്കാൻ ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. യോഗത്തിലെ ചർച്ചകൾ പരസ്യമാക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. വിഷയം രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.