
ന്യൂഡൽഹി : വാരാണസി ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ പൂജ നടത്താൻ ഹൈന്ദവ കക്ഷികൾക്ക് വാരാണസി ജില്ലാക്കോടതിയുടെ അനുമതി.ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് ഭരണ സമിതിയുടെ തീരുമാനം.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ അലയൊലികൾക്കു പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തിൽ സജീവ വിഷയമാവാൻ സാധ്യതയുള്ള കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
1993 വരെ ഇവിടെ പൂജ നടത്തിയിരുന്ന സോമനാഥ് വ്യാസിന്റെ മകളുടെ മകനായ ശൈലേന്ദ്ര കുമാർ പഥക് വ്യാസാണ് കുടുംബത്തിന്റെ അവകാശമെന്ന നിലയിൽ പൂജയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്. നിലവറയുടെ പേരുപോലും കുടുംബത്തിന്റേതാണെന്ന് ('വ്യാസ് കാ തെഹ്ഖാന) ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പേരുള്ള തെക്കുഭാഗത്തെ നിലവറ ജില്ലാ മജിസ്ട്രേട്ട്
ഏറ്റെടുത്ത്
ഹൈന്ദവ കക്ഷികൾക്ക് വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവ്. അവിടെ പൂജ നടത്താം. അതിനാവശ്യമായ ക്രമീകരണങ്ങൾ ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ മേഖല വേലി കെട്ടി തിരിക്കാം. കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിർദ്ദേശിക്കുന്ന പുരോഹിതനെ പൂജകൾക്കായി നിയോഗിക്കണമെന്നും ജില്ലാ ജഡ്ജി എ.കെ. വിശ്വേശ് നിർദ്ദേശിച്ചു.
നിരോധിച്ചത് സംസ്ഥാന സർക്കാർ
# മസ്ജിദ് സമുച്ചയത്തിലെ ബേസ്മെന്റിൽ നാല് തെഹ്ഖാനകളുണ്ട് (നിലവറ). അതിൽ തെക്കു ഭാഗത്തെ ബേസ്മെന്റിലാണ് 'വ്യാസ് കാ തെഹ്ഖാന' എന്ന പേരുള്ള നിലവറ.
1993 വരെ പൂജാരിയായ സോമനാഥ് വ്യാസ് അവിടെ പൂജകൾ നടത്തിയിരുന്നു. യു.പി സർക്കാരാണ് അത് നിരോധിച്ച് മേഖല അടച്ചുപൂട്ടിയത്.
ശിവലിംഗത്തിന് ശാസ്ത്രീയ
സർവേ; ഹർജിയിൽ നോട്ടീസ്
ഇതേസമയം, ഗ്യാൻവാപി മസ്ജിദിലെ വാട്ടർ ടാങ്കിൽ കണ്ടെന്ന്
അവകാശപ്പെടുന്ന ശിവലിംഗത്തെ ശാസ്ത്രീയ സർവേക്ക് വിധേയമാക്കണമെന്ന ഹൈന്ദവ കക്ഷികളുടെ ആവശ്യത്തിൽ നോട്ടീസ് അയയ്ക്കാൻ അലഹബാദ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് അയയ്ക്കാനാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ നിർദ്ദേശം. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പരിശോധന നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ശിവലിംഗം കണ്ടെന്ന് പറയുന്ന മേഖലയിൽ ഒഴികെ ശാസ്ത്രീയ സർവേയ്ക്ക് വാരാണസി ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു. മേഖല മുദ്രവച്ച് സംരക്ഷിക്കാൻ സുപ്രീംകോടതി നിർദ്ദേശമുള്ളതിനാൽ സർവേ നടത്തണമെന്ന ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു ജില്ലാക്കോടതി നിലപാട്. ഇതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരി രാഖി സിംഗ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദിലെ പ്രാർത്ഥനയ്ക്ക് മുൻപായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സ്ഥലമായ വുദുഖാനയിൽ (വാട്ടർ ടാങ്ക്) കണ്ടെത്തിയത് ശിവലിംഗമല്ല, ജലധാരയാണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ നിലപാട്.
.