
ന്യൂഡൽഹി: രാമക്ഷേത്രം നിർമ്മിക്കണമെന്ന നൂറ്റാണ്ടുകളായി നിലനിന്ന ആഗ്രഹം തന്റെ സർക്കാർ യാഥാർത്ഥ്യമാക്കിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ അയോദ്ധ്യയിലെ മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതോടെ കോടിക്കണക്കിന് ജനങ്ങളുടെ അഭിലാഷവും വിശ്വാസവുമാണ് പൂർത്തീകരിച്ചത്.പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപനം നടത്തുകയായിരുന്നു രാഷ്ട്രപതി. പുതിയ പാർലമെന്റിൽ താൻ ആദ്യമായി പ്രവേശിക്കുന്നതും പരാമർശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നയപ്രഖ്യാപനത്തിൽ എൻ.ഡി.എ സർക്കാരിന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ആഗോള പ്രതിസന്ധികളിലും 7.5 ശതമാനത്തിലധികം വളർച്ച നിലനിറുത്തി ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി. മികച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയിലെത്തി. ചന്ദ്രയാൻ, ആദിത്യ, ജി 20 ഉച്ചകോടി സംഘാടനം, വനിതാ സംവരണ നിയമം എന്നിവ സർക്കാരിന്റെ നേട്ടങ്ങളാണ്. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നു. കയറ്റുമതി 77,500 കോടി ഡോളറായി ഉയർന്നു. വിദേശ നിക്ഷേപം ഇരട്ടിയായി. വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കി.
മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികൾ ഇന്ത്യയുടെ ശക്തിയായി. ലോകത്തെ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവായി. കളിപ്പാട്ടങ്ങളുടെ ഇറക്കുമതി അവസാനിപ്പിച്ച് കയറ്റുമതി തുടങ്ങി. പ്രതിരോധ ഉത്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ജനജീവിതവും ബിസിനസും എളുപ്പമാക്കി.
നാരീ ശക്തിക്ക് മുൻഗണന
യുവാക്കൾ, സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരെ ശാക്തീകരിക്കാൻ നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗം ചെലവഴിച്ചു. എല്ലാ മേഖലകളിലും സ്‌ത്രീ സാന്നിധ്യവും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കി. സാധാരണക്കാരുടെ സമ്പാദ്യം വർദ്ധിപ്പിച്ചു. ചെലവു കുറച്ച്, കൃഷി ലാഭകരമാക്കും. മനുഷ്യ കേന്ദ്രീകൃത വികസനമാണ് ലക്ഷ്യം. പൗരന്റെ അന്തസാണ് സാമൂഹിക നീതിയുടെ ആശയം. എല്ലാവിഭാഗങ്ങൾക്കും ന്യായമായ അവസരങ്ങൾ ഉറപ്പാക്കും.
ജമ്മു കാശ്മീരിൽ ഇന്ന് സുരക്ഷിതത്വമുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദം കുറഞ്ഞു. നക്‌സൽ പ്രദേശങ്ങൾ ചുരുങ്ങി. വരുന്ന നൂറ്റാണ്ടുകളിലേക്ക് ഇന്ത്യയെ സജ്ജമാക്കാനുള്ള സമയമാണിത്. അഞ്ച് വർഷത്തേക്കുള്ള പരിപാടികളും 25 വർഷത്തേക്കുള്ള മാർഗരേഖയും അടിസ്ഥാനമാക്കിയാണ് സർക്കാരിന്റെ പ്രവർത്തനം. ഇന്ത്യ ശക്തമായി പ്രതികരിക്കുകയും പ്രതിസന്ധികളിലായ മനുഷ്യരാശിക്ക് വേണ്ടി മുൻകൈ എടുക്കുകയും ചെയ്യുന്നു.
കൊടിക്കുന്നിൽ സുരേഷ്, കോൺഗ്രസ്
രാഷ്‌ട്രപതി സഭയിൽ വായിച്ചത് രാമക്ഷേത്രം അടക്കം ബി.ജെ.പി അജണ്ട. പട്ടികജാതി, പട്ടിക വർഗം, യുവാക്കൾ, കർഷകർ തുടങ്ങിയവരുടെ പ്രതിസന്ധിയോ, മണിപ്പൂർ വിഷയമോ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി സാധാരണക്കാരുടെ പ്രശ്‌നങ്ങളോ പരാമർശിച്ചില്ല.