
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുമായി ബന്ധമുണ്ടെന്ന് പറയാൻ പൊലീസ് ക്രൂര പീഡന മുറകൾ പ്രയോഗിക്കുന്നതായി
പാർലമെന്റ് അതിക്രമ കേസിലെ പ്രതികൾ.
കോടതിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പൊലീസ് വൈദ്യുതാഘാതം ഏൽപ്പിച്ചെന്നും 70ഓളം കാലി കടലാസുകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും ഡി. മനോരഞ്ജൻ, സാഗർ ശർമ്മ, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത് എന്നിവർ അഡിഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറിന് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ അറിയിച്ചു. പഴയ മൊബൈൽ നമ്പരുകൾ സംഘടിപ്പിക്കാനും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പാസ്വേർഡ് വെളിപ്പെടുത്താനും നിർബന്ധിച്ചു.
ഡൽഹി പൊലീസിന്റെ മറുപടി തേടിയ കോടതി, വിഷയം ഫെബ്രുവരി 17ന് കേൾക്കാമെന്ന് പറഞ്ഞു. ഇവരുടെയും മറ്റൊരു പ്രതി നീലം ആസാദിന്റെയും ജുഡിഷ്യൽ കസ്റ്റഡി മാർച്ച് ഒന്നു വരെ നീട്ടി.